

ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള എട്ടു സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ തന്റെ അക്കൗണ്ട് വഴി മതിയെന്ന് പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്ന് ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയില്‍ താൻ ജയിക്കുമെന്നത് മുന്നില്‍ കണ്ടാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
'ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് ഞാന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് ഞാന്‍ ഭൂമി മാത്രമേ നല്‍കൂ. പത്തുലക്ഷം രൂപ തരികയും ആ സ്ഥലം ഉടന്‍ തന്നെ കച്ചവടം ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്തയാളാണ് നന്ദകുമാര്‍. പത്തുലക്ഷം രൂപ പൊതിഞ്ഞ് തരാനാണ് ശ്രമിച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ അത് ബാങ്ക് അക്കൗണ്ടില്‍ ഇട്ടു തരണം. സാധാരണയായി ഒരാള്‍ അനധികൃത പണം എങ്ങനെയാണ് വാങ്ങുക?, രഹസ്യമായല്ലേ വാങ്ങുക? എന്റെ അക്കൗണ്ടിലേക്ക് ഇയാള്‍ പണം ഇട്ടത് എന്റെ എട്ടു സെന്റ് സ്ഥലം വാങ്ങാനാണ്. ചികിത്സയ്ക്ക് മാത്രമല്ല, ഞാന്‍ പത്തുനാല്‍പ്പത് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എനിക്ക് ഒരുപാട് ചെലവ് ഉണ്ട്. എനിക്ക് ഈ എട്ടുസെന്റ് സ്ഥലം ആവശ്യമില്ല. ഇത് വില്‍പ്പനയ്ക്ക് വച്ച സമയത്താണ് നന്ദകുമാറിനെ കാണുന്നത്. അതുകഴിഞ്ഞ് നാലുതവണ നന്ദകുമാറിനെ വിളിച്ചു. ഈ സ്ഥലം രജിസ്റ്റര്‍ ചെയ്ത് വാങ്ങണം എന്ന് പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ എന്താണ് ഈ സ്ഥലം വാങ്ങാത്തത്? ശോഭാ സുരേന്ദ്രന് ദല്ലാള്‍ നന്ദകുമാര്‍ പത്തുലക്ഷം രൂപ തന്നുവെങ്കില്‍ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കില്‍ എന്താണ് ഈ നാണംകെട്ടവന്‍ ഒരു കൊല്ലമായിട്ട് കേസ് കൊടുക്കാത്തത്? കൊടുക്കണ്ടേ'- ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
'ഈ നാണംകെട്ട, നെറികെട്ട നന്ദകുമാര്‍ പല രാഷ്ട്രീയ നേതാക്കളുടെയും പിമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തില്‍ നിന്ന് പാര്‍ട്ടി ആവശ്യപ്പെടുന്ന എന്തുകാര്യവും ഞാന്‍ ചെയ്യും. പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ അഖിലേന്ത്യാ തലത്തില്‍ കൊണ്ടുവന്ന് നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് ദല്ലാള്‍ നന്ദകുമാര്‍. എന്തുകൊണ്ടാണ് ഡല്‍ഹിലെ ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ ദല്ലാള്‍ നന്ദകുമാറും ഞങ്ങളുടെ അറിയപ്പെടുന്ന ലീഡറും , ദല്ലാളിന് നാക്ക് പിഴച്ച് ദല്ലാള്‍ കിടുകിടാ വിറച്ച് ദല്ലാളിനെ ഡല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാള്‍ മറുപടി പറയണം. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലീഡറുടെ പേര് ഞാന്‍ പറയണോ. ഇല്ലെങ്കില്‍ ഇല്ലെന്ന് പറയട്ടെ. ഞങ്ങള്‍ നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലവനാണെങ്കില്‍ സ്വീകരിക്കും. സ്വീകരിക്കുന്നതിന് മുമ്പ് ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ ഹിസ്റ്ററി പഠിക്കും. ഞാനല്ല പഠിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ഇരിക്കുന്നവരും പഠിക്കും. ആ പഠനത്തിന് ശേഷമാണ് ഒരു വ്യക്തിക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുന്നത്. എന്നാല്‍ ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ദല്ലാള്‍ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാള്‍ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കര്‍മാരില്‍ നിന്ന് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിച്ച പാര്‍ട്ടിയല്ല'- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates