

ശബരിമല: മണ്ഡല പൂജാദിവസമായ 26ന് സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്
ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജ.
ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.
26ന് പകല്‍ 12 മുതല്‍ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
