

കൊച്ചി: ശ്രീകൃഷ്ണന്‍ ജനിച്ച ദിവസമായ ഇന്ന് കേരളം അമ്പാടിയാകും. രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. പകര്‍ച്ചവ്യാധിയുടെ നാളുകളിലാണ് ഇത്തവണത്തെ ആഘോഷപരിപാടികള്‍. അതിനാല്‍ കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകള്‍ ഒരുക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. രാധാ, കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടിയാണ് ശോഭായാത്രയില്‍ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ വെര്‍ച്വല്‍ സംവിധാനം വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ആറന്മുളയില്‍ വള്ളസദ്യ
ആറന്മുളയില്‍ ഇന്ന് അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേര്‍ക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്.പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ. മാരാമണ്‍, കോഴഞ്ചേരി, കീഴ് വന്മഴി പള്ളിയോടങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്.
ഗോകുലാഷ്ടമി
ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വാസം. കൃഷ്ണന്‍ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് . 'ഗോകുലാഷ്ടമി', കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.
ജന്മാഷ്ടമി മഥുരയിലും ഗുജറാത്തിലും രാജസ്ഥാനിനും വളരെ ആഘോഷപൂര്‍വ്വമായാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.
ഭക്തര്‍ ഉപവസിക്കും
വിശ്വാസികള്‍ ഈ ദിവസം മുഴുവന്‍ ഉപവസിക്കും. ചിലര്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും അര്‍ദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണന്‍ അര്‍ദ്ധരാത്രിയില്‍ ജനിച്ചതിനാല്‍, ഈ സമയത്താണ് പൂജ നടത്തുന്നത്. ഈ വര്‍ഷം പൂജകള്‍ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക.
കോവിഡ് മാനദണ്ഡം
കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. സാമൂഹിക അകലം പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates