

തിരുവനന്തപുരം: കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുന്നത്.
വിഐപി, സ്പെഷൽ ദർശനങ്ങളുണ്ടാവില്ല. വരി നിൽക്കുന്ന ഭക്തർക്ക് കൊടിമരത്തിനു സമീപത്തുകൂടി നേരിട്ട് നാലമ്പലത്തിലെത്തി ദർശനം നടത്താം. പ്രദക്ഷിണവും ശയന പ്രദക്ഷിണവും അനുവദിക്കില്ല. മുതിർന്ന പൗരന്മാർക്ക് രാവിലെ 5.30 മുതൽ 6.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പ്രത്യേക ദർശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും സുഗമ ദർശനം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. 'അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.ശോഭായാത്രകളില്‍ കുട്ടികള്‍ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളില്‍ അണി നിരക്കുക. കുട്ടികള്‍ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയില്‍ എത്തുക.
അമ്പാടിക്കണ്ണന്‍, രാധ, ഭാരതാംബ, പാര്‍വതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകന്‍, ഹനുമാന്‍, ശിവന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുള്‍പ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
