

കൊച്ചി; സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഗാർഹിക പീഡനങ്ങൾ ചെറുക്കാനായി പുതിയ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. തപാൽവകുപ്പുമായി ചേർന്ന് ’രക്ഷാദൂത്’ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോവാതെ വളരെ എളുപ്പം പരാതി നൽകാൻ ഇതിലൂടെയാവും.
അടുത്തുള്ള പോസ്റ്റ്ഓഫീസിലെത്തി ’തപാൽ’ എന്ന കോഡ് പറഞ്ഞാൽ ജീവനക്കാരുടെ സഹായത്തോടുകൂടി പിൻകോഡ് സഹിതമുള്ള സ്വന്തം മേൽവിലാസമെഴുതിയ പേപ്പർ ലെറ്റർബോക്‌സിൽ നിക്ഷേപിക്കാം. അതിക്രമത്തിനിരയായ വനിതകൾക്കോ കുട്ടികൾക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം.
പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെ നേരിട്ടും ഇത് ചെയ്യാവുന്നതാണ്. വെള്ളപേപ്പറിൽ പൂർണമായ മേൽവിലാസമെഴുതി പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ കവറിനുപുറത്ത് ’തപാൽ’ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസമെഴുതിയ പേപ്പറുകൾ പോസ്റ്റ്‌മാസ്റ്റർ സ്‌കാൻചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയിൽ വഴി അയച്ചുകൊടുക്കും. ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ അതത് ജില്ലകളിലെ വതാ സംരക്ഷണ ഓഫീസർമാരും കുട്ടികൾക്കെതിരേയുള്ള പരാതികൾ ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരും അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കും.
പരാതികൾ എഴുതാൻ കഴിയാത്തവരെപ്പോലും പീഡനങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതുകൊണ്ടുതന്നെ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല. സർക്കിൾ പോസ്റ്റ്മാസ്റ്റർ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates