

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മികച്ച നടനാനുള്ള അവാർഡിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അവസാന റൗണ്ടിൽ കടുത്ത മത്സരമാണ് നടത്തുന്നത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രത്തിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് കരുത്താകുന്നത്. റോഷാക്, നൻപകൽ നേരത്ത് മയക്കം ചിത്രങ്ങളിലെ മിന്നും പ്രകടനമാണ് മമ്മൂട്ടിയെ അന്തിമ റൗണ്ടിൽ എത്തിച്ചത്. ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു. നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക തുടങ്ങിയ 44 സിനിമകൾ അവസാന റൗണ്ടിൽ എത്തി.
ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതല ജൂറിയാണ് വിധി നിര്‍ണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടു ജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാം സമിതിയില്‍ സംവിധായകന്‍ കെഎം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബികെ രാകേഷ്, സംവിധായകരായ സജാസ് റഹ്മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates