തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. തിങ്കളാഴ്ചയോടെ കേരളത്തില്‍ ഇപ്പോഴുള്ള അതികഠിനമായ ചൂടിന് അല്‍പ്പം ശമനം ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
വടക്കന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി ഉണ്ടായിരുന്ന എതിര്‍ ചക്രവാതമാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിലെല്ലാം താപനില വളരെ കഠിനമായി ഉയരാന്‍ കാരണമായത്. ഇതുമൂലം രാത്രി സമയത്തു പോലും അന്തരീക്ഷം തണുക്കാത്ത സ്ഥിതിയുണ്ടായി. ഇതോടെ രാത്രിയിലും കഠിനമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്.
ഇടി മഴമേഘങ്ങളെ തടഞ്ഞതും ഉയര്‍ന്ന താപനില തുടരാന്‍ കാരണമായി. ഇന്നത്തോടെ എതിര്‍ ചക്രവാതം ദുര്‍ബലമായേക്കും. അതോടെ അന്തരീക്ഷം കൂടുതല്‍ തണുക്കാന്‍ ഇടയാക്കിയേക്കും. കൂടുതല്‍ മഴമേഘങ്ങള്‍ക്കും, ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനും ഇടയാക്കിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. മിക്ക ജില്ലകളിലും സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ 38 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും; തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഇന്നും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates