

കൊച്ചി: അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ഒരു തലമുറയെ പഠിപ്പിച്ചയാളാണ് ഗാഡ്ഗില്‍ എന്നും മടങ്ങിയത് പച്ചപ്പിന്റെ കാവലാളാണെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'കേരളത്തിന്റെ മണ്ണും മരവും മനുഷ്യനും ഒരുപോലെ സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ച ആ പോരാളി, തന്റെ കര്‍മ്മപഥം പൂര്‍ത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയിരിക്കുന്നു.ശാസ്ത്രത്തെയും മനുഷ്യസ്‌നേഹത്തെയും ഒരേ നൂലില്‍ കോര്‍ത്തിണക്കിയ ആ വലിയ മനുഷ്യന്റെ വിയോഗം ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.ആ ധന്യസ്മരണയ്ക്ക് മുന്നില്‍ പ്രണാമം'- സുരേഷ് ഗോപിയുടെ കുറിച്ചു.
ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഗാഡ്ഗിലിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വൈകുണ്ഡ് ശ്മശാനത്തില്‍. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്നപേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates