

ലോകത്തെ അമൂല്യമായ നിധിശേഖരമുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ അതീവസുരക്ഷാമേഖലയിലെ ഉൾപ്പടെ 10 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ 13 പവൻ വരുന്ന സ്വർണ്ണ ദണ്ഡ് കാണാതായതോടെയാണ് ആരംഭിച്ച അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചു കിട്ടിയെങ്കിലും ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്വർണദണ്ഡ്. സ്ട്രോങ് റൂമിൽ നിന്ന് ഒരു തുണി സഞ്ചിയിൽ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത് കാണാതായതെന്ന് റിപ്പോർട്ടുണ്ട്. ഇത് മോഷ്ടിക്കാൻ ശ്രമിച്ചതാണോ അതോ ആകസ്മികമായോ അബദ്ധത്തിലോ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ പ്രവേശന കവാടവും ശ്രീകോവിലിനു ചുറ്റുമുള്ള പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി.
വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. 24 മണിക്കൂറും പരിസരം നിരീക്ഷിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെങ്കിലും, അവർ തകരാർ റിപ്പോർട്ട് ചെയ്തില്ല എന്നത് പ്രോട്ടോക്കോളിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ക്യാമറ അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള സ്വകാര്യ കരാറുകാരനെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉത്തരവാദികളായ പോലീസിന് ഈ തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
കാണാതായ ശേഷം സ്വർണ്ണം തിരിച്ചു കിട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് 32 പേരെ ചോദ്യം ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണർ വി. പ്രദീപ് പറഞ്ഞു. അവരിൽ ചിലർ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും സംശയമുള്ളവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ ദണ്ഡ് കാണാതായതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളിലെ ക്രമം പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അടുത്തിടെ പുനർനിർമ്മിച്ച മേൽക്കൂരയും താഴികക്കുടവും സഹിതം സ്വർണ്ണം പൂശിയ ശ്രീകോവിലിന്റെ വാതിൽ ജൂൺ രണ്ടിനും എട്ടിനും ഇടയിൽ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേൽക്കൂരയുടെയും താഴികക്കുടത്തിന്റെയും പണി ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും കോവിഡ് ലോക്ക്ഡൗൺ സമയത്ത് തടസ്സപ്പെട്ടു. മെയ് 25 നകം വാതിൽ സ്വർണ്ണം പൂശൽ പൂർത്തിയാക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിരീക്ഷണ സംവിധാനത്തിന്റെ പൂർണ്ണമായ സാങ്കേതിക ഓഡിറ്റിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ ക്യാമറകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവെച്ചതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തെ ലോകശ്രദ്ധേയിലേക്ക് ആകർഷിച്ചത് അവിടെ ആറ് നിലവറകളിലായി സൂക്ഷിച്ചിട്ടുള്ള അമൂല്യമായ വൻ നിധി ശേഖരമാണ്. എ, ബി, സി ഡി ഇ, എഫ് എന്നീ നിലവറകളിലായാണ് നിധിശേഖരം സൂക്ഷിച്ചിട്ടുള്ളത്. ഇതിലെ ഇ, എഫ് എന്നിവയിൽ സൂക്ഷിച്ചിട്ടുള്ളത് നിത്യ പൂജയ്ക്കുള്ളവയാണ്. സി, ഡി എന്നിവയിൽ വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നവയും. എ, ബിയുമാണ് മറ്റ് രണ്ട് നിലവറകൾ. ഇതിൽ എ നിലവറ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തുറന്നിരുന്നു. 1500ലേറെ സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, അഭിഷേക വിഗ്രഹത്തിൽ ചാർത്താനുള്ള രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, പതക്കങ്ങൾ, അമൂല്യ രത്നങ്ങൾ, വജ്രം, വൈഡൂര്യം, രത്നം, സ്വർണദണ്ഡുകൾ അങ്ങനെ വിലമതിക്കാനാകാത്ത ശേഖരം അതിലുണ്ടെന്ന് കണ്ടെത്തി. അതോടെയാണ് ക്ഷേത്രത്തിന്റെ പ്രശസ്തി ലോകവ്യാപകമായത്. എന്നാൽ ബി നിലവറ ഇന്നേവരെ തുറന്നിട്ടില്ല. അതിലെന്താണ് എന്ന് ഇന്നും ലോകത്തിന് അറിയില്ല.
പത്മനാഭസ്വാമിക്ഷേത്രത്തിലെ എ നിലവറിയിലെ ഉള്ളടക്കം പുറം ലോകം അറിഞ്ഞതോടെ ക്ഷേത്രത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിന് ചുറ്റും പൊലീസ് കാവലും തോക്കേന്തിയ കമാൻഡോകളും മഫ്തി പൊലീസും ഒക്കെയുൾപ്പെടുന്ന പൂർണ്ണ സമയ കാവലേർപ്പെടുത്തി. ഇവർക്കെല്ലാം കൃത്യമായ സ്ഥാനവും നിർണ്ണയിച്ച് നൽകിയിട്ടുണ്ട്.
വാഹനംകൊണ്ട് ഇടിച്ചു തകർക്കാനുള്ള സാധ്യത തടയാനുള്ള സ്റ്റോപ്പറുകൾ, ഭൂമിക്കടിയിൽ തുരങ്കം നിർമിക്കുമ്പോഴുള്ള തരംഗം തിരിച്ചറിയാനുള്ള ആന്റി–ഷോക്ക് സെന്‍സറുകൾ, രാത്രിയും പകലും ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ക്യാമറകൾ, സിസിടിവി, ക്ഷേത്രാചാരങ്ങൾക്കു തടസ്സം വരാത്ത വിധം ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന എല്ലാ സാധനവും പൊതി തുറക്കാതെ കാണാൻ കഴിയുന്ന സ്‌കാനറുകൾ, ബയോമെട്രിക് സെൻസറുകൾ, ലേസർ സെൻസറുകൾ, മൊബൈൽ ജാമറുകൾ, ക്ഷേത്രത്തിലേക്കുള്ള എല്ലാ കവാടങ്ങളിലും മെറ്റൽ ഡിറ്റക്‌ടറുകൾ, നിലവറകളുടെ 300 മീറ്റർ ചുറ്റളവിൽ വെളിച്ചം തെളിഞ്ഞാൽ പോലും കൺട്രോൾ റൂമിൽ അറിയാൻ കഴിയുന്ന സെൻസറുകൾ എന്നിവയൊക്കെയായി വർഷങ്ങളായി കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. എന്നാൽ, അതിനിടയിൽ ഇവിടെ നിന്ന് സ്വർണ്ണം നഷ്ടമായത് വിവാദമായി. അതേ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates