പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബിജെപി നേതാവ് പ്രസിഡന്റായ എന്‍ജിഒയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. 43000 രൂപയാണ് ശമ്പളം.
ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ആയച്ചത്. ഓഫര്‍ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. നിലവില്‍ എന്ന് ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഫീസില്‍ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്.
കേരളം തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി. ബിജെപി നേതാവായ ഡോ. എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ പ്രസിഡന്റ്.
ഇരു സംസ്ഥാനങ്ങളിലുമുള്ള ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് ഇവരുടെ വെബ്‌സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല.
പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം. നിലവിലെ പ്രസിഡന്റായ കൃഷ്ണ കുമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates