'ടീച്ചര്‍' സിനിമാ മേഖലയുമായുള്ള കണ്ണി ?; കൊച്ചി ലഹരിക്കടത്തു കേസില്‍ അന്വേഷണം മട്ടാഞ്ചേരി സ്വദേശിനിയിലേക്കും
കൊച്ചി : കൊച്ചി ലഹരിക്കടത്തുകേസില്‍ പ്രതികള്‍ ടീച്ചര്‍ എന്നു വിളിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. പിടിയിലായ പ്രതികള്‍ക്കും സിനിമാ മേഖലയിലെ ചിലര്‍ക്കും ഇടയിലെ കണ്ണിയാണ് 'ടീച്ചര്‍' എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഇവര്‍ക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ടീച്ചറെ എക്‌സൈസ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ലഹരിക്കടത്തിനു മറയായി സംഘം ഉപയോഗിച്ച മുന്തിയ ഇനം നായ്ക്കളെ, പ്രതികള്‍ അറസ്റ്റിലായതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഈ സ്ത്രീക്കാണ് കൈമാറിയത്. റോട്ട്‌വീലര്‍, കേന്‍ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളെയാണ് പ്രതികളുടെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത്.
ഇതില്‍ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വില വരും. ഇവയെ തൊണ്ടി മുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതല്‍ക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമം. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ത്രീക്ക് നായ്ക്കളെ സംരക്ഷിക്കാന്‍ നല്‍കുകയായിരുന്നു. പ്രതികളില്‍ ഒരാളുടെ ബന്ധുവാണെന്നും പിന്നീടു ടീച്ചറാണെന്നും പറഞ്ഞുവെങ്കിലും ഇതു രണ്ടും വസ്തുതയല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന റോട്ട്‌വീലര്‍ പോലെയുള്ള നായ്ക്കള്‍, സ്വീകരിക്കാനെത്തിയ സ്ത്രീയോട് ഇണക്കം കാട്ടിയിരുന്നു. ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൗരവമായെടുത്തില്ല. കേസ് വിവാദമായതോടെയാണ്, നായ്ക്കള്‍ക്ക് ഇവരെ മുന്‍പരിചയമുണ്ടെന്ന സംശയം ഉടലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
