

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാരെ മുഴുവന്‍ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വര്‍ണം വിഴുങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ, ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.
2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
സ്വര്‍ണപ്പാളി സ്വര്‍ണം പൂശേണ്ട ആവശ്യമില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഹര്‍ജിക്കാര്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ചെമ്പു പൂശിയതെന്ന് ബോര്‍ഡ് തീരുമാന്തതിലും ബന്ധപ്പെട്ട മഹസ്സറിലും രേഖപ്പെടുത്തിയാല്‍, സ്വര്‍ണം കവര്‍ച്ച ചെയ്യാമെന്നും വിറ്റു പണമുണ്ടാക്കാമെന്നും പ്രതികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ ഇതു കൈമാറാന്‍ അനുവദിക്കുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ പങ്കു വ്യക്തമായതിനാല്‍ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ്. ജയശ്രീ. ആറാം പ്രതിയാണ് മുന്‍ അഡ്മിനിനിസ്‌ട്രേറ്റീവ് ഓഫിസറായ എസ്. ശ്രീകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ചുമതലയെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ വാദിച്ചത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്ന തരത്തില്‍ മിനിറ്റ്സില്‍ ജയശ്രീ തിരുത്തല്‍ വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മേലുദ്യോഗസ്ഥനായ എക്സിക്യുട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് മഹസറില്‍ ഒപ്പിട്ടതെന്നായിരുന്നു ശ്രീകുമാര്‍ വാദിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates