

കണ്ണൂര്‍: തീരം കടലെടുക്കുന്നതിനാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് അപകടക്കെണിയൊരുക്കുന്നു. അതിശക്തമായ വേനല്‍ മഴയും തിരമാലകള്‍ അടിച്ചു കയറുന്നതും കാരണമാണ് നൂറ് കണക്കിന് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്ന തീരത്ത് മണല്‍ ഒലിച്ചു പോയി ആഴത്തിലുള്ള ചാലുകള്‍ രൂപപ്പെട്ടത്.
ഇതുകാരണം ഇവിടെ സവാരിക്കെത്തുന്ന കാറുകളും ജീപ്പുകളും ഇരുചക്ര വാഹനങ്ങളും താഴ്ന്നു പോവുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇത്തരം വാഹനങ്ങള്‍ പുറത്തെടുക്കുന്നത്. ഇതിനായി ഭീമമായ തുക വിനോദ സഞ്ചാരികളില്‍ നിന്നും ചില സംഘങ്ങള്‍ വാങ്ങുന്നതായും പരാതിയുണ്ട്.
ഇതേ കുറിച്ചു ധാരണയില്ലാത്ത വിനോദ സഞ്ചാരികളാണ് കെണിയില്‍ വീഴുന്നത്. കഴിഞ്ഞ ദിവസം ബീച്ചിലെ ചാലില്‍ വീണു പോയ ഒരു ബുള്ളറ്റ് കുടുങ്ങിയിരുന്നു. മഴയില്‍ രൂപപ്പെട്ട ചാലില്‍ പെട്ടെന്ന് ഇറങ്ങിയപ്പോഴാണ് ബുള്ളറ്റ് ബ്രേക്കിട്ടത്. ഇതോടെ ചെളിയില്‍ ടയര്‍ പൂണ്ടു പോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ബുള്ളറ്റ് മറ്റു വിനോദ സഞ്ചാരികളുടെ സഹായത്തോടെ പുറത്തെടുത്തത്.
ഭൗതിക സാഹചര്യങ്ങളും വികസനവും കൊണ്ടുവരുന്നതിന്റെ ഭാഗമായി കെടിഡിസിയുടെ നക്ഷത്ര ഹോട്ടലും വാക്ക് വേയും പാര്‍ക്കുമുള്‍പ്പെടെ വന്‍ മാറ്റം ഇവിടെയുണ്ടായിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വികസന പ്രവൃത്തികളുടെ രണ്ടു ഘട്ടം പൂര്‍ത്തീകരിച്ചത്. മൂന്നാം ഘട്ട വികസനത്തിന് ഒരുങ്ങവെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.
ബീച്ചില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് നിര്‍മ്മിച്ചുവെങ്കിലും കടല്‍ക്ഷോഭം കാരണം പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. വിദേശ സഞ്ചാരികള്‍ക്ക് ഉദയാസ്തമയങ്ങള്‍ കാണാനും കടലില്‍ കുളിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യയിലെ തന്നെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്റെ ഖ്യാതി നിലനിര്‍ത്തണമെങ്കില്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പാച്ചാക്കര വാര്‍ഡ് (ഒന്ന്) മെമ്പര്‍ എ പി മിസാജ് ടൂറിസം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. മഴക്കാലത്ത് രൂപപ്പെടുന്ന ചാലുകളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നുണ്ട്. ടോള്‍ പിരിക്കുന്നതിനൊപ്പം തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും ലൈഫ് ഗാര്‍ഡുകളുടെ സേവനം ശക്തമാക്കാനും ടൂറിസം വകുപ്പ് അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates