

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,68,78,258 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്.
1,33,52,945 പുരുഷന്‍മാരും 1,49,59,242 സ്ത്രീകളും 276 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് പുതിയ പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2067 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
അതത് വോട്ടര്‍പട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്‍മാരും, 1,44,83,915 സ്ത്രീകളും, 240 ട്രാന്‍സ്‌ജെന്‍ഡേഴ്സും) വോട്ടര്‍മാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2162 പേരാണുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
