തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അത്തരത്തില്‍ പറഞ്ഞൊഴിയുന്ന സിപിഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിനു മുന്‍പ് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരില്‍ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം. അത്തരം ശ്രമങ്ങള്‍ ഒന്നും ഇനി വിലപ്പോവില്ല. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ കാട്ടുന്നത് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്. ഈ അവസരവാദ രാഷ്ട്രീയം മുഴുവന്‍ ഹിന്ദു വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന് എം വി ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്നും പ്രസ്താവനയില്‍ പറയുന്നു.
പറയുന്ന വാക്കിനോട് സിപിഎമ്മിന് ഒരല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകണം. മാത്രമല്ല, നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളും പിന്‍വലിച്ച് ഭക്തര്‍ക്ക് നീതി നല്‍കണം. സിപിഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത്. രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സിപിഎമ്മാണെന്നു രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
പമ്പയില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്നത് ഭക്തര്‍ക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണ്. സിപിഎമ്മിന്റെ ഈ മുതലെടുപ്പ് തിരിച്ചറിഞ്ഞ് സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തര്‍ക്കെതിരായി എടുത്തിരിക്കുന്ന കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ മുഴുവന്‍ ആശങ്കയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates