

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്‌സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മന്ത്രിയുടെ കുറിപ്പ്
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്‌സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാര്‍ത്തകള്‍ വിശ്വസിച്ച് അവസരം മുതലെടുക്കാന്‍ ചില കുബുദ്ധികള്‍ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാന്‍. ഇക്കാര്യത്തില്‍ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങും.
ബാറുകാരെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടോ?
ബാറുകാരെ സര്‍ക്കാരിന് ഏറ്റവുമധികം സഹായിക്കാനാവുക ലൈസന്‍സ് ഫീസിന്റെ കാര്യത്തിലാണ്. 2016ല്‍ 23 ലക്ഷം ആയിരുന്നു ലൈസന്‍സ് ഫീസ്. 2011-16ലെ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ലൈസന്‍സ് ഫീസ് ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. ഇപ്പോള്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാണ്. 8 വര്‍ഷത്തിനിടെ 12 ലക്ഷത്തിന്റെ, അതായത് അന്‍പത് ശതമാനത്തിലേറെ വര്‍ധനവ്. കഴിഞ്ഞ മദ്യനയത്തില്‍ മാത്രം 5 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്രയുമേറെ ഫീസ് കൂട്ടിയ സര്‍ക്കാര്‍ ബാറുടമകളെ സഹായിക്കുന്നുവെന്ന് എങ്ങനെ ആരോപിക്കും?
കുറ്റകരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ യു ഡി എഫ് കാലത്ത് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അത് ലൈസന്‍സ് റദ്ദാക്കലും പിഴയുമായി മാറ്റി. പിഴ യു ഡി എഫ് കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂട്ടി. ഈ സര്‍ക്കാര്‍ അത് വീണ്ടും ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ആദ്യം സസ്പെന്‍ഷന്‍, അതുകഴിഞ്ഞ് പിഴ. സസ്പെന്‍ഷന്‍ ഇല്ലാതെ വാങ്ങിയ പിഴയുടെ ഇരട്ടിയാണ് സസ്‌പെന്‍ഷന് ശേഷമുള്ള പിഴ.
ഈ സര്‍ക്കാര്‍ എക്‌സൈസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി. നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ശനമായ നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 52 കേസുകളാണ് ഇങ്ങനെ എടുത്തത്, ഇതില്‍ 32 ബാറുകളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ട് ബാറുകള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.ബിവറേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം, കള്ള് വ്യവസായത്തിന്റെ പ്രോത്സാഹനം തുടങ്ങിയ എല്ലാ വിഷയത്തിലും ബാറുടമകളുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ നിന്നുകൊടുത്തിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകും.
കേരളത്തെ മദ്യത്തില്‍ മുക്കുന്നുവെന്ന ആരോപണം
ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും പൂട്ടി മദ്യ നിരോധനം നടപ്പിലാക്കി എന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012-13ല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന 244.33 ലക്ഷം കെയ്‌സായിരുന്നു. 2022-23ല്‍ ഇത് 224.34 ലക്ഷം കെയ്‌സായി കുറയുകയാണ് ഉണ്ടായത്. 10 വര്‍ഷം വ്യത്യാസത്തില്‍ രണ്ട് സാമ്പത്തിക വര്‍ഷത്തെ താരതമ്യമെടുത്താല്‍ കുറവ് 19.99 ലക്ഷം കെയ്‌സിന്റേത്, അഥവാ 8.1 ശതമാനത്തിന്റേത്.
സര്‍ക്കാരിന്റെ വരുമാനത്തില്‍ മദ്യവരുമാനത്തിന്റെ പങ്ക് കുറയുകയാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. 2012-13ല്‍ എക്‌സൈസ് തീരുവയും വില്‍പ്പന നികുതിയും ഉള്‍പ്പെടെ മദ്യത്തില്‍ നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022-23 എത്തുമ്പോള്‍ ഇത് 13.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. 10 വര്‍ഷം കൊണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ 4.8 ശതമാനം കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചല്ല എന്ന് ചുരുക്കം.
പ്രതിപക്ഷ ആരോപണങ്ങള്‍
1. ഐടി പാര്‍ക്കുകളില്‍ മദ്യം വിറ്റ് ബാറുടമകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ് കെ പി സി സി അധ്യക്ഷന്‍. പ്രതിപക്ഷ നേതാവ് പോലും ഇത് രണ്ടും തമ്മില്‍ ബന്ധമില്ല എന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. ഐ ടി പാര്‍ക്കുകളിലെ മദ്യ വിതരണവും ബാറുകളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?ഐടി പാര്‍ക്കിലെ മദ്യം സംബന്ധിച്ച് രണ്ടുവര്‍ഷം മുന്‍പ് മദ്യനയത്തില്‍ പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ചും തെറ്റായ വാര്‍ത്തകള്‍ ഇപ്പോള്‍ വരുന്നുണ്ട്. നിയമസഭാ സമിതി ഇപ്പോള്‍ ചേര്‍ന്നു അനുമതി നല്‍കി എന്ന നിലയിലാണ് വാര്‍ത്തകള്‍. പെരുമാറ്റ ചട്ടം നിലനില്‍ക്കെ ഇത്തരം യോഗങ്ങള്‍ കൂടാനാവില്ല എന്നും തീരുമാനം എടുക്കാനാവില്ല എന്നും എങ്കിലും ആലോചിക്കേണ്ടതല്ലേ? ഇതുസംബന്ധിച്ച് ഇന്നലെ മന്ത്രിതല സമിതി ചേര്‍ന്നു എന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചില്ലേ? സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോഴും ഈ വിഷയത്തിലെ തുടര്‍നടപടികള്‍. നിലവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചേ അല്ല ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ധാരണകളും എന്ന കാര്യം മാത്രം സൂചിപ്പിക്കട്ടെ.
2. ടേണ്‍ ഓവര്‍ ടാക്‌സുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ബാറുടമകളെ സഹായിക്കുന്നുവെന്നാണ് തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പരിശോധന നടത്തുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ കഴിഞ്ഞ മാര്‍ച്ച് മാസം മാത്രം ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ 3.05 കോടിയുടെ ടേണ്‍ ഓവര്‍ ടാക്‌സ് തട്ടിപ്പാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പരിശോധന ശക്തവും കൃത്യവുമായി നടക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് ഉറപ്പാക്കുന്നുണ്ട്. ടേണ്‍ ഓവര്‍ ടാക്‌സ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ എല്ലാ വിഭാഗത്തിനും ആംനെസ്റ്റി കൊടുത്തപ്പോഴും, ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയില്ല. പകരം നികുതി കുടിശികയുള്ള ബാറുടമകള്‍ക്ക് എതിരെ ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുമുണ്ട്.
മദ്യനയവും വാര്‍ത്തകളും
ഈ വര്‍ഷത്തെ മദ്യനയത്തെക്കുറിച്ചുള്ള ആലോചനകള്‍ പോലും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ചര്‍ച്ചകളെല്ലാം. എല്ലാ വര്‍ഷവും മദ്യനയ ചര്‍ച്ചകളിലേക്ക് പോകുമ്പോള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിവിടുന്ന വിഷയമാണ്, ഡ്രൈഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നത്. കഴിഞ്ഞ മദ്യനയം പ്രഖ്യാപിക്കുന്ന അന്നുപോലും ഡ്രൈഡേ പിന്‍വലിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കൊടുത്തിരുന്നല്ലോ. എന്നാല്‍ വസ്തുത എല്ലാവര്‍ക്കും അറിയാമല്ലോ? സ്ഥിരമായി ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊടുക്കുന്നതാണെന്ന് ചുരുക്കം.
മദ്യനയം ബാറുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. കഴിഞ്ഞ മദ്യനയം പരിശോധിച്ചുനോക്കൂ. ബാര്‍ വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ മറ്റ് കാര്യങ്ങളാണ് നയത്തിലുള്ളത്. കള്ള് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഇത് ഒന്നും മനസിലാക്കാതെയാണ് ഈ പ്രചാരണം.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടുമ്പോള്‍ ഉണ്ടായിരുന്നത് 728 ബാറുകളായിരുന്നു. ഇതോടൊപ്പം 78 ബെവ്കോ ഔട്ട്‌ലെറ്റുകള്‍ കൂടി പൂട്ടി. എല്‍ ഡി എഫ് സര്‍ക്കാര്‍ ശാസ്ത്രീയമായ പഠനം നടത്തിയാണ് ബാറുകള്‍ തുറന്നത്. ഇതോടൊപ്പം ഔട്‌ലെറ്റുകളും അനുവദിച്ചു. ഓരോ ലൈസന്‍സ് അപേക്ഷയിലും കൃത്യമായി ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമേ ഇപ്പോള്‍ അപേക്ഷ മുന്നോട്ട് നീക്കാന്‍ പോലും കഴിയുകയുള്ളൂ. എല്ലാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒരു മദ്യശാലയ്ക്കും അനുമതി നല്‍കിയിട്ടില്ല.
മുന്‍ വര്‍ഷങ്ങളിലെ മദ്യനയത്തില്‍ പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളാണ് ഇക്കഴിഞ്ഞ വര്‍ഷം നടത്തിയത്. രണ്ട് ആഴ്ചയായി മാധ്യമങ്ങളില്‍ മദ്യനയത്തെ സംബന്ധിച്ച് എത്രയേറെ വ്യാജവാര്‍ത്തകളാണ് വന്നതെന്ന് നോക്കൂ. സെപ്റ്റംബര്‍ മുതല്‍ റെസ്റ്റോറന്റുകളിലും മദ്യം വിളമ്പും, ബാറുകളില്‍ കള്ള് വില്‍ക്കും എന്ന വാര്‍ത്ത പല പ്രധാന പത്രങ്ങളും നല്‍കി. എന്താണ് വസ്തുത? ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബാര്‍ ലൈസന്‍സ് എടുക്കാന്‍ കഴിഞ്ഞ മദ്യനയത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതിനുള്ള ചട്ടങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ നിലവില്‍ വന്നു. സംസ്ഥാനത്ത് എങ്ങും റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പുമോ? ഇല്ല. മദ്യം വിളമ്പുന്ന ഇടത്ത് വര്‍ഷം മുഴുവനുമുണ്ടോ? ഇല്ല. ഇനി ഈ സൗകര്യം ഉപയോഗിച്ച് എത്രപേര്‍ ലൈസന്‍സ് എടുത്തു ? ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല. കാരണം സീസണ്‍ ആകുമ്പോഴേ ആവശ്യമുള്ളൂ. ഒരാള്‍ പോലും ലൈസന്‍സ് എടുത്തിട്ടില്ലാത്ത കാര്യത്തെക്കുറിച്ചാണ് ഈ പ്രചാരണം. ഇനി ടൂറിസം മേഖലയിലെ റസ്റ്റോറന്റുകള്‍ക്ക് മദ്യം വിളമ്പാനുള്ള സൗകര്യം ഈ വര്‍ഷമുള്ളത് ആണോ? അല്ല, വര്‍ഷങ്ങളായി ഈ സൗകര്യമുണ്ട്. വര്‍ഷം മുഴുവനുള്ള ലൈസന്‍സ് ആണ് കൊടുത്തിരുന്നത്. ഓരോരോ സീസണുകളിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചുരുക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഇതൊന്നും മനസിലാക്കാതെ വാര്‍ത്ത ചമയ്ക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്.
ബാറുകളില്‍ കള്ള് വിതരണം ചെയ്യാന്‍ തീരുമാനിച്ചോ? ത്രീ സ്റ്റാര്‍ ബാറിന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ അതാത് പറമ്പിലെ തെങ്ങ് ചെത്തി, അവിടെ താമസിക്കുന്നവര്‍ക്ക് കൊടുക്കാനുള്ള സൗകര്യമാണ് കഴിഞ്ഞ മദ്യനയത്തില്‍ രൂപകല്‍പ്പന ചെയ്തത്. ഇത് കള്ളിനെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമാണ്. ബാറില്‍ കള്ള് വില്‍ക്കുന്നു എന്ന് ചിത്രീകരിച്ചത് ഇതിനെയാണ്. ഈ ആവശ്യത്തിനായി പ്രത്യേകം അപേക്ഷ നല്‍കണം. ചട്ടങ്ങള്‍ രൂപീകരിച്ചെങ്കിലും, ഇതുവരെ ഒരൊറ്റ അപേക്ഷയും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് തുടര്‍നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
