തിരുവനന്തപുരം: ഒന്ന് രണ്ട് പിണറായി സര്‍ക്കാരുകളുടെ കാലത്ത് ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ചെലവഴിച്ചത് 70,37,74,264 രൂപയെന്ന് കണക്കുകള്‍. 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവിലെ കണക്കുകളാണ് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചത്. എംഎല്‍എ മാരായ പി അനില്‍കുമാര്‍, എല്‍ദോസ് പി കുന്നപ്പിള്ളില്‍, സി ആര്‍ മഹേഷ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ദേവസ്വം മന്ത്രി കണക്കുകള്‍ പങ്കുവച്ചത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കായി കഴക്കൂട്ടം, ചെങ്ങന്നൂര്‍, ചിറങ്ങര, എരുമേലി, നിലക്കല്‍, മണിയങ്കോട് എന്നിവിടങ്ങളില്‍ ബജറ്റിന് ഉപരിയായി കിഫ്ബി സഹായത്തോടെ 116.41 കോടി രൂപ ചിലവഴിച്ചു ഇടത്താവളങ്ങളുടെ നിര്‍മാണവും നടത്തിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ സർക്കാരുകൾ ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വാസവന്‍ നിയമസഭയെ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ ആകെ 18,39,73,611/ രൂപ വിവിധ ഇനങ്ങളിലായി റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാരിനോട് ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാരസമിതി ആവശ്യപ്പെട്ടിരുന്നത്. അതില്‍ ആകെ 15,69,19,689/ രൂപ കാലയളവില്‍ റിലീസ് ചെയ്ത് നല്‍കി.
ശബരിമലയുടെ ബേസ് ക്യാംപായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020-ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ എല്ലാം തന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പ & ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്കും അംഗീകാരം നല്‍കി.
ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1033.62 കോടി രൂപയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
