

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരത്തിലുള്ള ഊഹപോഹങ്ങളും പ്രചരിപ്പിക്കുന്ന അവസ്ഥയുണ്ട്. കേരളത്തിന്റെ ഭാവി വികസനത്തിൽ ഐ.ടി. മേഖലയ്ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതിനുതകുന്ന ഇടപ്പെടലാണ് ഉദ്ദേശിക്കുന്നത്.
നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുകയെന്ന സമീപനമല്ല സർക്കാരിനുള്ളത്. ഇതൊരു ഗവൺമെന്റ് - ഗവൺമെന്റ് സംവിധാനമാണ്. യു.എ.ഇയിലെയും കേരളത്തിലെയും സർക്കാരുകൾ ഇടപ്പെട്ടു കൊണ്ടുള്ള വിവിധ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്നിട്ടുണ്ട്. രണ്ടു ഗവൺമെന്റകളുടെയും സഹകരണത്തിന്റെ ഭാഗമായുള്ള ഉത്പന്നമാണ് സ്മാർട് സിറ്റി കരാർ.
സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരിവിലയാണ് സാധാരണ നിലയ്ക്ക് തിരികെക്കൊടുക്കേണ്ടി വരിക. അത് നഷ്ടപരിഹാരമല്ല. കരാറിന്റെ ഭാഗമായി വരുന്ന കാര്യമാണ്. ദുബായ് ഹോൾഡിങ്സ് 2017-ൽ ദുബായിക്ക് പുറത്തുള്ള ഓപ്പറേഷനുകൾ നിർത്താൻ തീരുമാനിച്ചു. അതിന്റെ കൂടി ഫലമാണ് ഇപ്പോൾ സ്മാർട്ട് സിറ്റിക്കുണ്ടായത്.
സ്ഥലം സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അത്തരമൊരു പിന്മാറ്റനയം തയാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപികരിച്ചിരുന്നു. അവരാണ് അതിന്റെ വിശദാംശങ്ങൾ തയാറാക്കേണ്ടത്. ഭാവിയിൽ എന്തു ചെയ്യാൻ കഴിയുമെന്നതിൽ കമ്മിറ്റിയുടെ കൂടി നിർദേശം വന്നതിന് ശേഷം തീരുമാനിക്കും.
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായി ഇത് നിലനിൽക്കും. ആർക്കും ഇത് പതിച്ചുക്കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു സ്വകാര്യ പങ്കാളിത്തവും അതിലുണ്ടാവില്ല. സർക്കാർ നിയന്ത്രണത്തിലാണ് തുടർന്നുള്ള വികസനങ്ങൾ നടക്കുക. സ്വകാര്യ സ്ഥാപനങ്ങളും പദ്ധതികളും പാർക്കിൽ വരാം. അതിനൊക്കെ ആവശ്യമായ സഹായം ചെയ്യും. 246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിന് നൽകിക്കൊണ്ടാണ് സ്മാർട്ട് സിറ്റി രൂപീകരിച്ചത്. ഈ സ്ഥലം കേരളത്തിന്റെ ഐ.ടി. വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തല്‍ പ്രകാരം മൂല്യനിര്‍ണയം നടത്തുകയും മടക്കിനല്‍കാന്‍ കഴിയുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വഴി തീരുമാനമെടുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
