താൻ വിദ്യാസമ്പന്ന, കമ്പനിയില്‍ അച്ഛനും ഭര്‍ത്താവിനും പങ്കില്ല, ലഭിച്ചത് ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം; വീണ ഹൈക്കോടതിയില്‍

'കോവിഡ് കാലത്താണ് എക്‌സാലോജിക് കമ്പനിപൂട്ടിപ്പോയത് '
exalogic, veena
എക്സാലോജിക്, വീണ വിജയൻ ( exalogic, veena )ഫയൽ ചിത്രം
Updated on
1 min read

കൊച്ചി: എക്‌സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ( Veena ). ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ്. (CMRL-Exalogic Case ) എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാട്ടി.

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്ന ആരോപണം വീണ സത്യവാങ്മൂലത്തിൽ തള്ളിയിട്ടുണ്ട്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ പറയുന്നു.

അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താനാണ് ശ്രമം. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എക്സാലോജിക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തന്‍റെ അച്ഛന് പങ്കില്ല. ഭർത്താവിനും കമ്പനിയുമായി ബന്ധമില്ല. കമ്പനി സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ്, അച്ഛന്‍ മുഖ്യമന്ത്രിയായത്. കോവിഡ് കാലത്താണ് എക്‌സാലോജിക് കമ്പനിപൂട്ടിപ്പോയത് എന്നും വീണ ചൂണ്ടിക്കാട്ടുന്നു.

എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. എകെജി സെന്‍റര്‍ സുരക്ഷിത താവളമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എകെജി സെന്‍ററിന്‍റെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല ആര്‍ഒസി പിഴയീടാക്കിയത് . നടപടിക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴയീടാക്കിയത്. സിബിഐ അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ അപേക്ഷ നിരാകരിക്കണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com