

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. ലോക്ക്ഡൗണ്‍ പതിനാറു വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ 16 വരെ നീട്ടിയിരിക്കുന്നതെന്നും എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു.
വാഹന ഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം ജൂണ്‍ 11ന് തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.
ഹൈക്കോടതി നര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥര്‍മാരെയും വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും.
സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളില്‍ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയോടും ആരോഗ്യ വകുപ്പിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലെ കോവിഡ് ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളില്‍ കോവാക്സിന് അംഗീകാരം ലഭ്യമല്ലാത്തതിനാല്‍ രണ്ട് ഡോസ് കോ വാക്സിന്‍ എടുത്തവര്‍ക്ക് വിദേശ യാത്ര ചെയ്യാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.
നീറ്റ് പരീക്ഷക്കാവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ഓഫീസുകളില്‍ പോയി വാങ്ങേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരീക്ഷകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയാല്‍ മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates