തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടത് ഇന്നലെയാണ്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം ഇതാണ് സര്‍ക്കാര്‍ നിലപാട്. ഈ സമീപനത്തിന് ഒരു ഘട്ടത്തിലും മാറ്റമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. വസ്തുതകള്‍ അവതരിപ്പിക്കുന്നതിൽ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. സര്‍ക്കാരിന് ഒത്തുകളിേക്കണ്ട ആവശ്യമില്ലെന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
മരംമുറി ഉത്തരവില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഐഎഎസ്-ഐഎഫ്എസ് ഉദ്യോഗസ്ഥരും നടപടിക്രമം പാലിക്കണം. മരംമുറിക്ക് കേന്ദ്ര വനം മന്ത്രാലയത്തിന്റെയും വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും അനുമതിയില്ലാതെയാണ് ഉത്തരവ് ഇറക്കിയത്. അങ്ങനെ ഒരു ഉദ്യോഗസ്ഥന് ഉത്തരവിറക്കാന്‍ കഴിയില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
'ഗൂഢശ്രമം നടക്കുന്നു'
മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിനു അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അനുമതി നല്‍കിയത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായെന്ന് പ്രതിപക്ഷം ആരോപിച്ചു. തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ഉത്തരവിലൂടെ വ്യക്തമാകുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വനംമന്ത്രിയുമാണ്. ഇവരൊന്നുമറിയാതെ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയമാണിത്. എങ്ങനെയാണ് ഉത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതെന്ന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്തിനാണ് മന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ?, പ്രതിപക്ഷ പരിഹാസം
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞ് അഭിനന്ദന കത്ത് അയച്ചു. എന്തിനാണ് മന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. മന്ത്രിയുടെ മറുപടിക്ക് ശേഷം സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പുതിയ ഉത്തരവ് പുറത്തിറക്കി
മുല്ലപ്പെരിയാര്‍ മരംമുറി വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരംമുറി ഉത്തരവ് മരവിപ്പിച്ചു എന്ന് വ്യക്തമാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
'താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു'
ബേബി ഡാമിന് സമീപമുള്ള മരം മുറിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യജീവി ബോര്‍ഡിന്റെയും അനുമതി വേണം. എന്നാല്‍ മരംമുറിക്ക് മുുമ്പ് ആവശ്യമായ നിയമപരമായ അനുമതികള്‍ നേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതുകൊണ്ട് പുതിയ ഉത്തരവ് വരുന്നതുവരെ മുന്‍ ഉത്തരവ് മാറ്റിവെക്കുന്നു എന്നാണ് വിശദീകരണം നല്‍കിയിട്ടുള്ളത്.
പെരിയാര്‍ കടുവ സങ്കേതത്തില്‍ മരം മുറിക്കാന്‍ കേന്ദ്ര അനുമതി വേണമെന്നും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തില്‍ ഇതേ വാദം കേരളം ഉന്നയിച്ചിരുന്നു. മരംമുറി ഉത്തരവ് മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ വിശദീകരണം തേടും
അതേസമയം ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാന്‍ നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്. ഉത്തരവിറക്കിയതില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.
അന്വേഷണം വേണമെന്ന് സിപിഐ
മരംമുറി ഉത്തരവില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിലപാടിലാണ് സിപിഐ.മുല്ലപ്പെരിയാര്‍ കരാറില്‍ ബേബി ഡാമില്ലാത്തതിനാല്‍ ആ ഡാമിന്‍റെ കാര്യത്തില്‍ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനൂകൂലമായി പ്രതികരിക്കേണ്ട ആവശ്യകതയേ ഇല്ലെന്നാണ് സിപിഐ നിലപാട്. മരംമുറിക്കുകയെന്ന നിര്‍ണായക തീരുമാനമായിട്ടും മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ലായെന്നതും പരിശോധിക്കപ്പെടമെന്നാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates