

തിരുവനന്തപുരം: അധികാരത്തിനു വേണ്ടിയുള്ള തര്‍ക്കവും അതിനായി ചേരിതിരിഞ്ഞുള്ള പോരും എക്കാലത്തും നിറഞ്ഞു നിന്ന കോണ്‍ഗ്രസില്‍, അതില്‍ നിന്നെല്ലാം അകന്നു നിന്ന സൗമ്യ വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണപിള്ള ( Thennala Balakrishnapillai ). അധികാരങ്ങളുടെ സുഖശീതളിമയില്‍ നിന്നും മാറി സഞ്ചരിച്ചിരുന്ന ഗാന്ധിയനായ കോണ്‍ഗ്രസുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ പ്രശ്‌നപരിഹാരകനായി രംഗത്തു വന്നിരുന്നതും തെന്നലയാണ്.
കോണ്‍ഗ്രസില്‍ കെ കരുണാകരന്‍- എ കെ ആന്റണി പോര് പാരമ്യത്തില്‍ നിന്ന കാലത്തും, തെന്നല ബാലകൃഷ്ണപിള്ളയുടെ വാക്കുകളെ ഇരു നേതാക്കളും മാനിച്ചിരുന്നു. കോണ്‍ഗ്രസിനകത്ത് തെന്നല കമ്മിറ്റി എന്ന പറച്ചില്‍ തന്നെയുണ്ടായിരുന്നു. പാര്‍ട്ടിയാണ് വലുത് എന്നതായിരുന്നു തെന്നലയുടെ ലൈന്‍. അഴിമതിയുടെ കറ പുരളാതെ, എക്കാലത്തും ഗ്രൂപ്പുകള്‍ക്കതീതനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, പാര്‍ട്ടിക്കായി തന്റെ സ്വത്തുക്കള്‍ ത്യജിച്ച നേതാവു കൂടിയാണ്.
കരുണാകരന്‍- ആന്റണി പോര് മൂര്‍ധന്യാവസ്ഥയില്‍ നിന്നപ്പോഴും പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കിയിരുന്നത് തെന്നലയുടെ സൗമ്യമായ ഇടപെടലുകളാണ്. രണ്ടു തവണയാണ് തെന്നല ബാലകൃഷ്ണപിള്ള കെപിസിസിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യം 1998 ല്‍ വയലാര്‍ രവി പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷനായി. തുടര്‍ന്ന് 2001 ല്‍ തെന്നലയുടെ നേതൃത്വത്തില്‍ യുഡിഎഫ് 100 സീറ്റുമായി തകര്‍പ്പന്‍ വിജയം നേടി അധികാരത്തിലെത്തി. എന്നാല്‍ കരുണാകരനുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
കേരളത്തില്‍ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച ഗുലാം നബി ആസാദ്, മോത്തിലാല്‍ വോറ എന്നിവരാണ് ഹൈക്കമാന്‍ഡ് തീരുമാനം തെന്നലയെ അറിയിച്ചത്. വലിയ വിജയം നേടിയ സാഹചര്യത്തില്‍ പാര്‍ട്ടി നേതാവിനെ എങ്ങനെ മാറ്റുമെന്നായിരുന്നു ഗുലാം നബിയുടെ ആശങ്ക. മോത്തിലാല്‍ വോറ ഹൈക്കമാന്‍ഡ് നിര്‍ദേശം അറിയിച്ചപ്പോള്‍, 'എപ്പോള്‍ രാജിവെക്കണം' എന്നായിരുന്നു തെന്നല ചോദിച്ചത്. ഉടന്‍ തന്നെ കെപിസിസി ഓഫീസിലെ സെക്രട്ടറിയുടെ കൈവശം രാജിക്കത്ത് എഴുതിക്കൊടുത്ത് തെന്നല പടിയിറങ്ങുകയായിരുന്നു.
2004 ല്‍ പി പി തങ്കച്ചന്‍ കെപിസിസി പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോഴാണ് രണ്ടാമതും തെന്നല ബാലകൃഷ്ണ പിള്ള സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുന്നത്. പിന്നീട് രമേശ് ചെന്നിത്തലയാണ് തെന്നലയുടെ പിന്‍ഗാമിയായി കെപിസിസി അധ്യക്ഷസ്ഥാനത്തെത്തുന്നത്. രണ്ടു തവണ എംഎല്‍എയായിരുന്ന തെന്നല, മൂന്നുതവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. താഴേത്തട്ടില്‍ നിന്നും വളര്‍ന്നു വന്ന നേതാവാണ് തെന്നല ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ശൂരനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, കൊല്ലം ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തെന്നലയുടെ വിയോഗം കോണ്‍ഗ്രസിന്റെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
