

കോട്ടയം: ഒരാഴ്ചയോളം പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി ജെ നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലായിരുന്നു മൂര്‍ഖന്‍. വാവ സുരേഷ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വല കൊണ്ട് കരിങ്കൽകൂട്ടം മൂടിയിടുകയായിരുന്നു.
വാവ സുരേഷിന് നടുവേദന ഉള്ളതിനാല്‍ നാട്ടുകാരാണ് കല്ലുകള്‍ ഇളക്കിമാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കില്‍ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
സുരേഷിന്റെ കയ്യില്‍ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി സ്വന്തം കാറില്‍ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. സുരേഷിന്റെ കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഡ്രൈവർക്ക് വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി സുരേഷ് പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായിയെന്നും നിജു പറഞ്ഞു.
പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്ന് വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞിരുന്നു. പക്ഷെ ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റുവെന്ന് നിജു പറയുന്നു. അതിനിടെ വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ ആളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates