

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനം നിലച്ച മട്ടിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഐഎസ് ഇപ്പോള്‍ സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്, കേരള ഭീകരവിരുദ്ധ സ്ക്വാഡ് മുന്‍ തലവന്‍ കൂടിയായ കമ്മിഷണര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ കൊച്ചി ഡലലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍ ഐഎസിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. എന്നുവച്ച് അതിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്തെന്നു പറയാനുമാവില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളും സജീവമല്ല. ഭീകരവാദ ആശയം പ്രചരിപ്പിക്കുകയും തക്കം പാര്‍ത്തിരുന്ന് അടിക്കുകയും ചെയ്യുന്നവരെയാണ് സ്ലീപ്പര്‍ സെല്ലുകള്‍ എന്നു പറയുന്നത്. എങ്കിലും കുറെപ്പേര്‍ ഇപ്പോഴും നിരീക്ഷണത്തിണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ മാവോയിസ്റ്റുകളുണ്ട്
മാവോയിസ്റ്റ് കേസുകളില്‍ അറസ്റ്റിലായ ചില വ്യക്തികള്‍ ഇപ്പോഴും എറണാകുളത്തുണ്ട്. മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ ഇല്ലായ്മ ചെയ്യാനാവില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡറുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടുകള്‍ ഇപ്പോള്‍ ഏതാണ്ട് മാവോയിസ്റ്റ് മുക്തമായിട്ടുണ്ട്. എന്നാല്‍ നഗരങ്ങളില്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരുണ്ട്. മറ്റു ചില സംഘടനകളുടെ മറവിലും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുമൊക്കെയാണിത്. ഇതെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്- കമ്മിഷണര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ പ്രധാനമായും പൊലീസ് നേരിടുന്ന വെല്ലുവിളി മയക്കുമരുന്നാണ്. ഭൂരിപക്ഷം ആളുകള്‍ വാടകയ്ക്കായിരിക്കും താമസിക്കുന്നുണ്ടാകുക. പഴയ കേസുകള്‍ പരിശോധിക്കുമ്പോള്‍ പലരുടേയും വിലാസം തെറ്റായിരിക്കാം. പലരും താമസം മാറി പോയിട്ടുണ്ടാകും. മൂന്നു നാല് വര്‍ഷം സമയമെടുക്കും പലപ്പോഴും വിചാരണ പൂര്‍ത്തിയാകാന്‍. കൊച്ചിയിലെ ഗുണ്ടാപ്രവര്‍ത്തനം തടയുന്നതിനായുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. അതനുസരിച്ച് 600 പേരെ മാപ്പ് ചെയ്ത് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. മയക്കു മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് നല്‍കി വിട്ടയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates