മകനരികെ കണ്ണിമ ചിമ്മാതെ അമ്മ; കണ്ണീര്‍ക്കടലായി കേരളം; മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

പൊന്നുമോനെ അവസാനമായി കാണാന്‍ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കേട്ട് കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും.
Thevalakkara school student funeral Updation
മകന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന അമ്മ സുജ
Updated on
1 min read

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. പൊന്നുമോനെ അവസാനമായി കാണാന്‍ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കേട്ട് കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. ഇനി ഒരിക്കല്‍പോലും മിഥുന്‍ ആ വീട്ടില്‍ തിരിച്ചെത്തില്ലെന്ന്് അറിയുമ്പോള്‍ ഒരുനാടാകെ ഉള്ളുപൊളളുകയാണ്.

ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ വച്ചാണ് മിഥുന്റെ സംസ്‌കാരം. നൂറ് കണക്കിനാളുകളാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ തേവലക്കര സ്‌കൂളിലെത്തിയത്. ആശുപത്രിയില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന്റെ ഇരുവശവും മിഥുനെ അവസാനമായി ഒരുനോക്കു കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thevalakkara school student funeral Updation
അതിതീവ്ര മഴ തുടരും; അടുത്ത അഞ്ച് ദിവസം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

പ്രിയപ്പെട്ട മകന് അന്ത്യചുംബനം നല്‍കാന്‍ അമ്മ സുജയും വിദേശത്തുനിന്നും നാട്ടിലെത്തി. തുര്‍ക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജ ബന്ധുക്കള്‍ക്കൊപ്പം ഉച്ചയോടെയാണ് വീട്ടിലെത്തിയത്. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ ചേര്‍ത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു.

Thevalakkara school student funeral Updation
'കഴിഞ്ഞ ജന്മത്തില്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു, ഭൃഗുസംഹിതയില്‍ പറഞ്ഞതെല്ലാം ജീവിതത്തില്‍ സംഭവിച്ചു'

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 11 മണിയോടെയാണ് പൊതുദര്‍ശനത്തിനായി മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനം തുടര്‍ന്നു. തുടര്‍ന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോയത്.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Summary

Thevalakkara school student funeral updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com