

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം തിരുവമ്പാടി ദേവസ്വത്തിന്റെ മേല്‍ വച്ചുകെട്ടാനാണ് നീക്കമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിയുടെ വീഴ്ച മറയ്ക്കാനാണ് ശ്രമം. പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്തകളിലൂടെ കണ്ടെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു. എഡിജിപിയുടെ റിപ്പോര്‍ട്ട് ഡിജിപി തളളിയതാണ്. ഇത് സംബന്ധിച്ച് ത്രിതലത്തില്‍ അന്വേഷണം നടക്കുകയാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത്. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വത്തിന്റെ മുകളില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍. 3500 ഓളം പൊലീസും ഉയര്‍ന്ന ഉദ്യഗോസ്ഥര്‍, ഇന്റലിജന്‍സ് റവന്യൂ ഉദ്യോഗസ്ഥര്‍ എല്ലാ തന്നെ അവിടെ ഉണ്ടായിരുന്നു. പൂരം കലക്കുമെന്ന് പൂരം കഴിഞ്ഞ ശേഷമാണോ അവര്‍ അറിഞ്ഞതെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു.
എഡിജപി പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി തള്ളുകയും ചെയ്തിട്ടുണ്ട്. പൂരം നടത്താനുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കേണ്ടത് പൊലീസ് ആണ്. എഡിജിപി രണ്ടുദിവസം ഇവിടെ ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ട് അദ്ദേഹം എന്തിന് മൂടിവച്ചുവെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു. തിരുവമ്പാടി ദേവസ്വത്തിലും തിരുവമ്പാടി പൂരക്കമ്മിറ്റിയിലും എല്ലാരാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ട്. എന്നാല്‍ ഒരു രാഷ്ട്രീവും ആരും ഇന്നുവരെ കാണിച്ചിട്ടില്ല. 226 വര്‍ഷമായി പൂരം നടക്കുന്നു. അതിന്റെ ഇടയില്‍ പല ഇലക്ഷനും നടന്നിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കളിച്ചിട്ടില്ല. 2023ല്‍ ഉണ്ടായ കാര്യങ്ങള്‍ 2024ല്‍ അവര്‍ത്തിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിച്ചപ്പോഴാണ് തടസമായി നിന്നത്. അത് പൂരം കലക്കാനായിരുന്നില്ല. തിരുവമ്പാടി ഒരുരാഷ്ട്രീയ കളിയും കളിച്ചിട്ടില്ല. ഈ കേസ് തെളിയിക്കണമെങ്കില്‍ സിബിഐക്ക് വിടണമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകള്‍ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും തല്‍പ്പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവമ്പാടി ദേവസ്വം ആദ്യം മുതല്‍ തന്നെ നിയമവിരുദ്ധവും നടപ്പാക്കാന്‍ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചും ചെറിയ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പൂരം പൂര്‍ത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി പൂരം നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പ്പരകക്ഷികളും ചേര്‍ന്ന് സ്ഥാപി താത്പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷയലാഭത്തിനായി തല്‍പ്പരകക്ഷികള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates