

തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ അക്രമസംഭവങ്ങളിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂവലോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവർത്തകരുടെ കയ്യിലെ പന്തം കത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂവിവിളിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് രൂക്ഷമായ കുപ്പിയേറിലേക്കും പന്തമേറിലേക്കും വഴിമാറുകയായിരുന്നു.
ആദ്യഘട്ടത്തിലുണ്ടായ ഉരസൽ പൊലീസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചുവെന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണ് വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം എറിഞ്ഞത് ശരിയായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സമരം ആരംഭിക്കാനായി യൂണിവേഴ്സിറ്റി കോളജ് തെരഞ്ഞെടുത്തതിലും പിശക് പറ്റിയതായും ഇത് സംഘർഷത്തിന് ആക്കം കൂട്ടിയതായുമാണ് പൊലീസ് വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തു നിന്നും സമരം ആരംഭിക്കരുതായിരുന്നു. സംഘർഷത്തിനൊരു പ്രകോപനം തന്നെ ഈ തീരുമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
പാളയം മേഖലയിൽ മൂന്ന് മണിക്കൂറിലേറെയാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലേറും കുപ്പിയേറും നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആരും ആശുപത്രികളിൽ ചികിത്സയിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുസംഘടനകളുടെയും സംസ്ഥാന നേതാക്കളെ അടക്കം പ്രതിചേർത്താണ് നടപടി.
അതേസമയം, തിരുവനന്തപുരത്തെ സംഘർഷത്തിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം-സിപിഐ നേതൃത്വങ്ങൾ രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നും ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ സംഭവങ്ങൾ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്ന് വി. ശിവൻകുട്ടിയും, ഉത്തരേന്ത്യൻ സംസ്കാരം നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കെ.കെ. ശൈലജയും കുറ്റപ്പെടുത്തി. സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കുട്ടികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തിനാണെന്നും ഇതാണോ പൊലീസിന്റെ നയമെന്നും ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates