

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്ക്വയറാക്കി മാറ്റണമെന്ന നിർദേശവുമായി മുഖ്യമന്ത്രി വിഡി സതീശൻ. തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന ആളുകൾ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ഇവിടെ തങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകണം. ആളുകളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കണം. ഇവിടെ സ്ഥിതി ചെയ്യുന്ന മൃഗശാല വനത്തോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറ്റണമെന്നാണ് തന്റെ നിർദേശമെന്നും മുഖ്യമന്ത്രി വിഡി സതീശൻ അഭിപ്രായപ്പെട്ടു.
'റീഇമാജിനിങ് കേരള' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന ആളുകൾക്കുള്ള പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറണം. തന്റെ സ്വപ്ന പദ്ധതിയാണിത്. ബജറ്റിൽ ഉൾപ്പെടാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതു ജനസമക്ഷം തുറന്നുപറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള മോഡല്‍ എന്നൊക്കെ പറഞ്ഞ്, നമ്മള്‍ ഇപ്പോഴും പഴയ പ്രതാപത്തില്‍ ജീവിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. അതില്‍ നിന്നൊക്കെ മാറ്റം ഉണ്ടാകണം. ലോകം മാറുകയാണ്. വിജ്ഞാന വിപ്ലവം നടക്കുകയാണ്. ഫ്യൂച്ചര്‍ ടെക്‌നോളജീസ് പലസ്ഥലത്തും കീഴടക്കുകയാണ്. സര്‍ക്കാര്‍ പരമ്പരാഗത വഴിയിലൂടെ സഞ്ചരിച്ചാല്‍ വണ്ടി പോകും മുമ്പോട്ട്, പക്ഷെ വണ്ടി എവിടെയെങ്കിലും പോയി ഇടിച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates