'വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്, ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് വിടവ് നികത്താം'

പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ച്, തൊഴിലാളിയായി പണിയെടുത്ത്, അവരുടെ സംഘാടകനും നേതാവുമായി. ഇതായിരുന്നു ആലപ്പുഴയിലെ മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലെ സ. വിഎസിന്റെ വിപ്ലവപാത
V S Achuthanandan
തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്‌ facebook
Updated on
2 min read

തിരുവനന്തപുരം: തൊഴിലാളികളോടും സാധാരണക്കാരോടുമുള്ള സവിശേഷമായ ജൈവബന്ധമുള്ളയാളാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും സമുന്നതരായ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു വി എസെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

V S Achuthanandan
ജീവിതം സമരമാക്കിയ ജനനായകന്‍; വിഎസിന് മലയാളിയുടെ മനസില്‍ മരണമില്ല; മോഹന്‍ലാല്‍

കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും സമുന്നതരായ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു. സ. വി.എസ്. അച്യുതാനന്ദന്‍. സഖാവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത തൊഴിലാളികളോടും സാധാരണക്കാരോടുമുള്ള സവിശേഷമായ ജൈവബന്ധമാണ്. പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ച്, തൊഴിലാളിയായി പണിയെടുത്ത്, അവരുടെ സംഘാടകനും നേതാവുമായി. ഇതായിരുന്നു ആലപ്പുഴയിലെ മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലെ സ. വിഎസിന്റെ വിപ്ലവപാത.

അച്ഛന്റെയും അമ്മയുടെയും മരണത്തോടെ വിദ്യാഭ്യാസം ഏഴാം ക്ലാസില്‍ അവസാനിച്ചു. 1940-ല്‍ 17-ാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി. യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. കമ്മ്യൂണിസ്റ്റു പാര്‍ടിയില്‍ അംഗവുമായി.

ഇതിനിടയില്‍ സ്വന്തം വീടിനു ചുറ്റുപാടുമുള്ള പാടശേഖരങ്ങളിലെ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ അച്യുതാനന്ദന്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. ഒരുപക്ഷേ, ഇത്തരമൊരു മുന്‍കാല അനുഭവം ഉള്ളതുകൊണ്ടാകാം പിന്നീട് പി. കൃഷ്ണപിള്ള കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി മേഖലയിലേയ്ക്കു വിഎസിനെ നിയോഗിച്ചത്. അതിരൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ കര്‍ഷത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം കുട്ടനാടാകെ വ്യാപിച്ചു. ഇതില്‍ പല സമരങ്ങളുടെ സംഘാടനത്തിലും മുന്നിലും വി.എസ്. അച്യുതാനന്ദന്‍ ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു സൈമണ്‍ ആശാന്റെ സഹായിയായി. അതോടൊപ്പം ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു. അക്കാലത്ത് അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് സൈമണ്‍ ആശാനും സെക്രട്ടറി വിഎസും ആയിരുന്നു. 2001 വരെ വിഎസ് ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു.

V S Achuthanandan
'പാര്‍ട്ടി വിലക്ക് ലംഘിച്ച് അന്ന് സമരപ്പന്തലിലെത്തി'; വി എസിനെ ഓര്‍മിച്ച് പൊമ്പിളൈ ഒരുമൈ നേതാവ്

1943-ല്‍ പാര്‍ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ചുനടന്നു. വിഎസ് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. സ. പി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം മുഴുവന്‍സമയ പ്രവര്‍ത്തകനായി. കുട്ടനാട്ടില്‍ നിന്നും തിരിച്ചെത്തിയ സ. വിഎസ് പുന്നപ്ര-വയലാര്‍ സമരത്തിലേക്ക് ആണ്ടിറങ്ങി. വാര്‍ഡ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി. കളര്‍കോടത്തെയും പുന്നപ്രയിലെയും രണ്ട് ക്യാമ്പുകളായിരുന്നു ചുമതല. ഒക്ടോബര്‍ 24-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ മാര്‍ച്ചില്‍ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതുകൊണ്ട് നിര്‍ദ്ദേശപ്രകാരം പിന്‍വാങ്ങി. വെടിവയ്പ്പിനെത്തുടര്‍ന്നു പൂഞ്ഞാറിലേക്കു പോയി.

പൊലീസ് വലവീശി കാത്തിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28-ന് അറസ്റ്റ് ചെയ്തു. പാലാ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ലോക്കപ്പിന്റെ അഴികളിലൂടെ കാലുകള്‍ പുറത്തേക്ക് കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ലോക്കപ്പിനകത്ത് തോക്കിന്റെ പാത്തികൊണ്ട് ഇടിക്കുമ്പോള്‍ പുറത്ത് ഉള്ളംകാലില്‍ ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നു. മരിച്ചെന്നുകരുതി കാട്ടില്‍ കൊണ്ടുകളയാന്‍ വണ്ടിയില്‍ കൊണ്ടുപോകുന്നനേരം ജീവനുണ്ടെന്നുകണ്ട് ആശുപത്രിയിലാക്കി. മാസങ്ങള്‍ എടുത്തു കാലുകള്‍ നേരെയാകാന്‍. ആലപ്പുഴയിലെ കേസില്‍ ശിക്ഷിച്ചു സെന്‍ട്രല്‍ ജയിലിലായി.

1948-ല്‍ പുറത്തുവന്നപ്പോഴേക്കും പാര്‍ടി വീണ്ടും നിരോധിച്ചു കഴിഞ്ഞിരുന്നു. 1948-52 കാലത്ത് ഒളിവില്‍ കഴിഞ്ഞുകൊണ്ട് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായി. 1954-ല്‍ സംസ്ഥാന കമ്മിറ്റിയംഗവും. 1956-ല്‍ കേരള സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1958-ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വിഎസിന് ആയിരുന്നു. റോസമ്മ പുന്നൂസിന്റെ വിജയം പിന്തിരിപ്പന്മാരെ ഞെട്ടിച്ചു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ 101 അംഗ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു വിഎസ്. തുടര്‍ന്ന് കരുതല്‍ തടങ്കലിലായി. 1980-1992 കാലത്ത് സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായി. 1985-2009 കാലത്ത് പാര്‍ടി പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. ഏഴ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ പ്രതിപക്ഷനേതാവായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി. സഖാവിന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.

പക്ഷേ, എനിക്ക് വിഎസുമായി ഏറ്റവും കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജനകീയാസൂത്രണ കാലത്തായിരുന്നു. മൂന്ന് വര്‍ഷക്കാലം അദ്ദേഹമായിരുന്നു ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍.

ജനകീയാസൂത്രണത്തിന് പുതിയൊരു ആവേശം നല്‍കുന്നതിനും നിര്‍വ്വഹണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ അധ്യക്ഷന്‍ കണ്ടെത്തിയ മാര്‍ഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിക്കുക എന്നതായിരുന്നു. എന്റെയൊരു കണക്കുകൂട്ടല്‍ സ. വി.എസ് 200-ഓളം തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദര്‍ശിക്കുകയുണ്ടായിയെന്നാണ്. പലപ്പോഴും പാര്‍ട്ടി പരിപാടികള്‍ക്കു പോകുമ്പോള്‍ അതോടൊപ്പം പഞ്ചായത്തു സന്ദര്‍ശനവും നടത്തും. ഓരോ സന്ദര്‍ശനവും ആവേശകരമായ അനുഭവങ്ങളായിരുന്നു.

ഭരണാധികാരിയെന്ന നിലയിലും ജനങ്ങളുമായുള്ള വൈകാരിക ബന്ധത്തിനും അടുപ്പത്തിനും ഒരു കുറവുമുണ്ടായില്ല. എന്നാല്‍ അതോടൊപ്പം ഒട്ടേറെ നൂതനങ്ങളായ വികസന പരിപാടികള്‍ക്കും സഖാവ് തുടക്കംകുറിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചിയിലെ ഐടി വികസനം, മലബാര്‍ പാക്കേജിന് രൂപം നല്‍കുന്നതിനും നേതൃത്വം നല്‍കി. ഐടി മേഖലയില്‍ സ്വതന്ത്ര സോഫ്ടുവെയറിന് സഖാവ് നല്‍കിയ പ്രാധാന്യവും ഐസിഫോസിന്റെ (International Centre for Free and Open Source Solutions (ICFOSS)) രൂപീകരണത്തിലേക്കു നയിച്ചു.

സഖാവ് വിഎസിന്റെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ അര്‍പ്പണബോധത്തോടെ സഖാവ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് മാത്രമേ ഈ വിടവ് നികത്താനാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com