

കോട്ടയം: ഇടതുപക്ഷത്തു നിന്നും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കത്തില്‍, കത്തോലിക്ക സഭയിലെ മൂന്നു പ്രധാന ബിഷപ്പുമാരാണ് തന്ത്രപ്രധാന റോളുകള്‍ വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ പാര്‍ട്ടിയായി വിലയിരുത്തപ്പെടുന്ന കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലെത്തിച്ച് ഐക്യജനാധിപത്യമുന്നണിയിലെ സാമുദായിക സംതുലനം ഉറപ്പാക്കുക എന്നതാണ് സഭ ലക്ഷ്യമിടുന്നത്.
കേരള കോണ്‍ഗ്രസ് (എം) കൂടി എത്തുന്നതോടെ യുഡിഎഫിലെ ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനാകുമെന്നും സഭ കണക്കുകൂട്ടുന്നു. 'നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ഹിന്ദു സമുദായമാണ് ആധിപത്യം പുലര്‍ത്തുന്നത്. ഒരു വശത്ത് മുസ്ലിം ലീഗും മറുവശത്ത് കേരള കോണ്‍ഗ്രസ് എമ്മും കൂടി ഉണ്ടെങ്കില്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സാമുദായിക സന്തുലിതാവസ്ഥയും കൈവരിക്കാനാകും.' ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുനമ്പം ഭൂമി തര്‍ക്കം, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലെ പ്രതിസന്ധി, വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വന്യജീവി ആക്രമണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ക്രൈസ്തവ സഭ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി കടുത്ത എതിര്‍പ്പ് പുലര്‍ത്തിവരികയാണ്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരുന്നത് ക്രൈസ്തവ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കുന്നതോടെ വോട്ടുകളിലെ ഭിന്നത ഒഴിവാക്കാനാകുമെന്നും സഭ കണക്കുകൂട്ടുന്നു.
മധ്യതിരുവിതാംകൂര്‍, തൃശൂര്‍, മലബാറിലെ കുടിയേറ്റ-കര്‍ഷക മേഖലകള്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് കാര്യമായ സ്വാധീനമുണ്ട്. ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 46 നിയമസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് മടങ്ങിയെത്തിയെന്നാണ്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാംപില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് ( എം) തിരികെയെത്തുന്നതോടെ, മുന്നണിയുടെ ക്രിസ്ത്യന്‍ അടിത്തറ ശക്തിപ്പെടുത്താനാകുമെന്ന് യുഡിഎഫ് കണക്കൂകൂട്ടുന്നു. അതേസമയം തന്നെ, കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ നിരവധി തടസ്സങ്ങളുണ്ട്. പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് പുറമേ, കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഈ നീക്കത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത 'എ' ഗ്രൂപ്പ് നേതൃത്വവും കോട്ടയം ജില്ലാ നേതൃത്വവും ജോസിനെയും പാര്‍ട്ടിയെയും യുഡിഎഫില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു.
കേരള കോണ്‍ഗ്രസ് (എം)ന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ശക്തി വര്‍ധനയില്‍, നല്ല സന്ദേശം നല്‍കുമെങ്കിലും, കോട്ടയം ജില്ലയില്‍ അത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്. കെ എം മാണിയുടെ കാലത്തുപോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (എം)നെതിരെ ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നു. കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇത് പ്രതിഫലിച്ചേക്കാം. ' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
സീറ്റു വിഭജനം വെല്ലുവിളിയാകും
കേരള കോണ്‍ഗ്രസ് ( എം) മുന്നണിയിലെത്തിയാല്‍ യുഡിഎഫ് നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി സീറ്റ് വിഭജനമാണ്. നിലവിലെ പാലാ എംഎല്‍എ മാണി സി കാപ്പന് മലബാര്‍ മേഖലയില്‍ യുഡിഎഫ് സുരക്ഷിതമായ സീറ്റ് ഉറപ്പാക്കുന്നതിനൊപ്പം പാല മണ്ഡലം ജോസിന് വാഗ്ദാനം ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച അത്രയും സീറ്റുകള്‍ യുഡിഎഫില്‍ ലഭിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ രണ്ട് ശക്തമായ മണ്ഡലങ്ങളായ പുതുപ്പള്ളിയും കോട്ടയവും കൂടാതെ, കോട്ടയം ജില്ലയിലെ പൂഞ്ഞാറോ ഏറ്റുമാനൂരോ കോണ്‍ഗ്രസ് കൈവശം വയ്ക്കാന്‍ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates