

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. കഡാവര്‍ നായകളെ ഉപയോഗിച്ചാണ് തിരച്ചില്‍. സമീപത്തെ പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കയ്യിന്റെ ഭാഗമാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായകളെ ഉപയോഗിച്ച് രാവിലെ തന്നെ പരിശോധന ആരംഭിച്ചിരുന്നു.
ഇനിയും ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തില്‍ ഇതുവരെ 15 ശരീരഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്‌ഫോടനത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചു മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പരിക്കേറ്റ് 11 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. വെടിക്കെട്ടിന് കരാര്‍ എടുത്ത മുണ്ടത്തിക്കോട് സതീശന് 98 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആറുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്.
കേന്ദ്ര ഏജന്‍സിയായ പെസോയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമാവേണ്ടതുണ്ടെന്ന്, സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അത് കൂടി ലഭ്യമായാലേ മരണപെട്ടവരെത്രയെന്ന് വ്യക്തത വരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates