വാനിലുയര്‍ന്ന് ആലവട്ടവും വെഞ്ചാമരവും, കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം; പൂരലഹരിയില്‍ തൃശൂര്‍ നഗരം- വിഡിയോ

പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു.
thrissur pooram 2025
തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍
Updated on
1 min read

തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. മേടമാസത്തിലെ ചൂടിലും പൂരനഗരിയില്‍ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥന്‍ മതില്‍ക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആയിരുന്നു പ്രമാണം.

തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേന്തി. പൂരാവേശത്തെ പരകോടിയിലെത്തിച്ചാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് പാറമേക്കാവ് ഭഗവതി ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് ഗുരുവായൂര്‍ നന്ദന്‍ ആണ്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ളതും സൗമ്യനായിട്ടുള്ളതുമായ ആനയാണ് ഇത്. ഇത്തവണയും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കായിരുന്നു. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം നാദവിസ്മയം തീര്‍ത്തത്. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.

വര്‍ണ്ണങ്ങളും മേളത്തിന്റെ ഗാംഭീര്യവും ഒത്തുചേര്‍ന്ന പാറമേക്കാവില്‍ അമ്മയുടെ പൂരം പുറപ്പാട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിച്ചത്. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍ ചെമ്പട മേളം കൊട്ടിയുയര്‍ന്നു. വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് ഉള്ള പുറപ്പാട് കാണാന്‍ നട്ടുച്ച വെയിലിനെ കൂസാതെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ചെമ്പട കലാശിച്ച് പാണ്ടിയുടെ ആദ്യ കോല്‍ക്കൊലുമ്പിയപ്പോള്‍ നേരം ഉച്ചിയിലെത്തി. കിഴക്കൂട്ടിന്റെ പ്രമാണിത്വത്തില്‍ മേളം കാലം കലാശിച്ചപ്പോള്‍ നിരവധി സെറ്റ് കുടകള്‍ മാറിമാറി വാനില്‍ ഉയര്‍ന്നു.

രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തിയത്. തുടര്‍ന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂര്‍ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തില്‍ എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com