

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ടർ പട്ടികയിൽ നിയമവിരുദ്ധമായി പേർ ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാളെ വൈകീട്ട് തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നൽകി.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി തൃശൂർ മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി ചേർത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് ഇത്തരത്തിൽ പേര് ചേർത്തത് എന്നു പരാതിയിൽ പറയുന്നു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂവെന്നും പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടു നമ്പറിൽ സ്ഥിര താമസക്കാരാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർക്കാണ് പ്രതാപൻ പരാതി നൽകിയത്. അന്വേഷണത്തിനായി പരാതി അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates