

തിരുവനന്തപുരം; കിളമാന്നൂരിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി. പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിലെ പറയ്ക്കോട് പട്ടികജാതി കോളനിക്ക് സമീപമാണ് പലിയെ കണ്ടത്. ബുധനാഴ്ച രാത്രി 7.30 ന് വീടിന് താഴെ പ്രദേശവാസികളാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
രാത്രി ഏഴരയോടെ കാട്ടുപന്നികളും പട്ടികളും ചിതറി ഓടുന്ന ശബ്ദവും അതിനു പിന്നാലെ ഏതോ ജീവിയുടെ ശബ്ദവും കേട്ടു. ഇതോടെ ഭയന്നു പോയ പ്രദേശവാസികളായ ഗിരിജ, സഹോദരി മഞ്ജു, അയൽവാസി ലീല എന്നിവർ ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് വീടിനു താഴെ പുലി നിൽക്കുന്നത് കണ്ടത്. ലൈറ്റ് കണ്ണിൽ പതിച്ചതിനാലാവണം പുലി അനങ്ങാതെ ഏതാനും സെക്കൻഡുകൾ നിന്നു. ലൈറ്റ് ഓഫ് ചെയ്ത് വീണ്ടും അടിച്ചപ്പോൾ പുലി റബർ പുരയിടത്തിൽ കൂടി ഓടി പോകുന്നതാണ് കണ്ടത്.
ഉടനെ മഞ്ജുവിന്റെ ഭർത്താവ് ബാബു കിളിമാനൂർ പൊലീസിൽ അറിയിച്ചതിനെത്തുടർന്നു പൊലീസ് രാത്രി സ്ഥലത്ത് പരിശോധന നടത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസർ ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്ത് പരിശോധന നടത്തി. കോളനിക്ക് സമീപത്ത് കൂടി ഒഴുകുന്ന ചിറ്റാറിന്റെ കരയിൽ മണലിൽ അവ്യക്തമായി കാണപ്പെട്ട കാല്പാട് പുലിയുടേതാണെന്നു ഉറപ്പിക്കാൻ വനം വകുപ്പിന് സാധിച്ചില്ല. പ്രദേശത്ത് നീരീക്ഷണ ക്യാമറകൾ ഇന്നു സ്ഥാപിക്കും. പ്രദേശത്ത് ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്നും രാത്രി റബർ ടാപ്പിങ് ഒഴിവാക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates