

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും.
ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്നാണ് സൂചന. വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും. ലോക്ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ സാധ്യതയുണ്ട്.
50 ഇന പരിപാടികള്‍ , 900 വാഗാദനങ്ങള്‍ ഇവയിലൂന്നിയാവും രണ്ടാം പിണറായി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക. അഗതികള്‍ക്കും ദാരിദ്ര്യം നേരിടുന്നവര്‍ക്കും പ്രത്യേക കൈത്താങ്ങ് നല്‍കുന്ന നീക്കങ്ങളുണ്ടാവും. കൊടിയദാരിദ്യം തുടച്ചു നീക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. വ്യാവസായിക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള നിര്‍ദേശങ്ങളുണ്ടാകും. ഭൂരേഖകള്‍ പരിഷ്ക്കരിക്കും. കൃഷിയും അടിസ്ഥാന മേഖലകളും പ്രത്യേകം ശ്രദ്ധിക്കും.
കോവിഡ് വാക്സീൻ വിതരണത്തിലെ അപാകതകൾ ചൂണ്ടി കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി നയപ്രഖ്യാപന പ്രസംഗത്തിൽ വന്നേക്കും. ലക്ഷദ്വീപ് വിഷയത്തിലും പരാമർശം ഉണ്ടായേക്കും. കഴിഞ്ഞ സർക്കാരിന്റെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates