'ദിശാബോധമില്ലായ്മ; കെടുകാര്യസ്ഥത; ഭരണനിര്‍വഹണം ചിലരില്‍ കേന്ദ്രീകരിക്കുന്നു'; ടോം വട്ടക്കുഴി ലളിതകലാ അക്കാദമിയില്‍ നിന്ന് രാജിവച്ചു

ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു
ടോം വട്ടക്കുഴി
ടോം വട്ടക്കുഴി
Updated on
2 min read

തൃശൂര്‍: പ്രമുഖ ചിത്രകാരന്‍ ടോം വട്ടക്കുഴി ലളിതകലാ അക്കാദമിയില്‍ നിന്ന് രാജിവച്ചു. 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്‍പ്രകാരം  അക്കാദമിയുടെ  ഭാഗമാകന്‍  ക്ഷണം ലഭിച്ചപ്പോള്‍  തന്റെ  സേവനം  ഏതെങ്കിലും തരത്തില്‍ ഗുണപരമായ ഒരു മാറ്റത്തിനു  ഉപകരിക്കുമെങ്കില്‍ അങ്ങനെയാവട്ടെ  എന്ന ചിന്തയിലാണു അന്നതിനുവഴങ്ങിയത്.  പക്ഷേ അതു വെറുമൊരു മിഥ്യാധാരണ മാത്രമായിരുന്നെന്നു. ഇത്രയും ചുരുങ്ങിയ നാളത്തെ അനുഭവംകൊണ്ട്   ബോധ്യമായതിനാല്‍  പിന്‍വാങ്ങുന്നുവെന്ന് ടോം വട്ടക്കുഴി ഫെയസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ അധികമൊന്നും അതിനുള്ളില്‍ ഇന്നവശേഷിക്കുന്നില്ല. ദിശാബോധമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം അക്കാദമിയുടെ  ഭരണ നിര്‍വ്വഹണം ഏതാനും ചില കോണുകളിലേക്കു മാത്രം കേന്ദ്രികരിക്കപ്പെടുന്നുവെന്നും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ ലളിത കലാ  അക്കാദമിയില്‍ നിന്നും രാജി വെക്കുന്നു. ഏകദേശം ഒരുവര്‍ഷം മുന്‍പ്  നടത്തിയ അക്കാദമി പുനഃസംഘടനയിലാണ്  ഞാന്‍ ഇതിന്റെ ഭരണ നിര്‍വ്വാഹക  സമിതിയിലേക്കു  നിയോഗിക്കപ്പെട്ടത്. 1997 ല്‍ അക്കാദമി സ്‌റ്റേറ്റ്  അവാര്‍ഡ് നല്കിയിട്ടുണ്ടെന്നതൊഴിച്ചാല്‍, ഇക്കാലമത്രയുമുള്ള എന്റെ കലാ ജീവിതത്തില്‍ അക്കാദമി ഒരിക്കലും ഒരു പ്രേരണയോ പ്രചോദനമോ ആയിരുന്നിട്ടില്ല ,  പിന്നെ  ഒട്ടൊക്കെ നീണ്ട  ഇടവേളകളില്‍ എന്തെങ്കിലും പ്രോഗ്രാമിന് വിളിച്ചാല്‍ പോയി മടങ്ങും എന്നതല്ലാതെ അക്കാദമിയുടെ ദൈനംദിന പ്രവര്‍ത്തനത്തെക്കുറിച്ചോ അതിന്റെ മാറിവരുന്ന ഭരണ സമിതികളെക്കുറിച്ചോ വളരെ അടുത്തുനിന്നു നിരീക്ഷിക്കാനോ വിലയിരുത്താനോ  അവസരം ലഭിച്ചിട്ടില്ല, എന്നു മാത്രമല്ല ,അങ്ങനെ  ഔല്‍സുക്യം ജനിപ്പിക്കുന്ന എന്തെങ്കിലും അക്കാദമിയില്‍ നടക്കുന്നു എന്നും തോന്നിയിട്ടില്ല. കാരണം ,അക്കാദമി പതിയെപ്പതിയെ കലാകാരന്മാര്‍ക്കുള്ള ഒരു പ്രസ്ഥാനം അല്ലാതായി മാറിക്കൊണ്ടിരുന്നു എന്നതാണ്,. 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്‍പ്രകാരം  ഇതിന്റെ ഭാഗമാകന്‍  ക്ഷണം ലഭിച്ചപ്പോള്‍  എന്റെ  സേവനം  ഏതെങ്കിലും തരത്തില്‍ ഗുണപരമായ ഒരു മാറ്റത്തിനു  ഉപകരിക്കുമെങ്കില്‍ അങ്ങനെയാവട്ടെ  എന്ന ചിന്തയിലാണു അന്നതിനുവഴങ്ങിയത്.  പക്ഷേ അതു വെറുമൊരു മിഥ്യാധാരണ മാത്രമായിരുന്നെന്നു   ഇത്രയും ചുരുങ്ങിയ   നാളത്തെ അനുഭവംകൊണ്ട്   ബോധ്യമായതിനാല്‍  പിന്‍വാങ്ങുന്നു  ജനാധിപത്യ മൂല്യങ്ങള്‍ അധികമൊന്നും അതിനുള്ളില്‍ ഇന്നവശേഷിക്കുന്നില്ല. ദിശാബോധമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം അക്കാദമിയുടെ  ഭരണ നിര്‍വ്വഹണം ഏതാനും ചില കോണുകളിലേക്കു മാത്രം കേന്ദ്രികരിക്കപ്പെടുന്നു. അക്കാദമിയുടെ പ്രവത്തനങ്ങള്‍ പലപ്പോഴും  നിവഹക സമിതി അറിയുന്നില്ല. .നിര്‍വാഹക സമിതി എടുത്ത തീരുമാനങ്ങള്‍ ഫലപ്രദമായി  നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ   കുറെ കാര്യങ്ങള്‍ ആത്മാവു നഷ്ടപെട്ട ഒരനുഷ്ടാനം  പോലെ .തുടരുക  എന്നതിനപ്പുറം ലളിത കലാ അക്കാദമി എന്ന സ്ഥാപനം വാസ്തവത്തില്‍ അതിന്റെ ഭരണഘടനയില്‍  പറയുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളെ  ഉന്നം വച്ചുകൊണ്ടു അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനോ  വികസിപ്പിക്കാനോ സമാനദിശയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനോ ഉള്ള ഇച്ഛാശക്തിയോ ഉള്‍ക്കാഴ്ചയോ ദീര്‍ഘ വീക്ഷണമോ ദിശാബോധമോ ഒന്നുംതന്നെ  ഇല്ലാത്ത ഭരണനേതൃത്വത്തിന്റെ ഭാഗമായി  തുടരുന്നതിന്റെ നിഷ്ഫലതയാണ് ഈ ഒരു തീരുമാനത്തിലേക്കെത്താന്‍ പ്രേരണയായത് . ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു.  ഇതു പറയുമ്പോള്‍ ഇതുവരെ കാര്യങ്ങള്‍ ഭദ്രമായിരുന്നു എന്നര്‍ത്ഥമാക്കുന്നില്ല. കലോപാസകരല്ലാത്തവരും കലയുമായി ആത്മബന്ധമില്ലാത്തവരും   അക്കാദമിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിയിരിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ അക്കാദമി ദിശമാറി ഒഴുകാന്‍    തുടങ്ങിയതാണ് .ഇന്ന് അതിന്റെ ഒഴുക്കിന് ഗതിവേഗം വര്‍ദ്ധിച്ചിരിക്കുന്നു എന്നുമാത്രം .
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com