

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.
കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(e) വകുപ്പുകൾ പ്രകാരം തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയുമായിരുന്നു. തെളിവുകളുടെയും ആനുകൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ സാധ്യമായ എല്ലാ ഇളവുകളും നൽകിയ ശേഷവും അദ്ദേഹത്തിന്റെ കൈവശമുള്ളത് വരുമാനത്തിന്റെ 52.33 ശതമാനത്തോളം വരുന്ന അനധികൃത സ്വത്താണെന്നായിരുന്നു വിജിലൻസ് കോടതിയുടെ കണ്ടെത്തൽ.
വിജിലൻസ് കോടതിയുടെ വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാമൻ ബി. പിള്ളയുടെയും പ്രോസിക്യൂഷന്റെയും വിശദമായ വാദങ്ങൾ കഴിഞ്ഞ മാസം കേട്ട കോടതി, വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates