ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി

ജീവനക്കാരും പൊതുജനങ്ങളും നോക്കിനിൽക്കെ വാഗ്വാദം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
Musical chair in Health Directorate
Musical chair in Health DirectorateScreen Grab
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ തെരുവ് യുദ്ധത്തിന് സമാനമായ തർക്കവും നാടകീയ രംഗങ്ങളും. എന്ത് സംഭവിച്ചാലും താൻ ഇരിക്കുന്ന ഔദ്യോഗിക കസേര വിട്ടുതരില്ലെന്ന കർശന നിലപാടിൽ താല്ക്കാലിക ചുമതലയുള്ള ഡോ. മീനാക്ഷി ഉറച്ചുനിന്നതോടെ, യഥാർത്ഥ ഉത്തരവുമായി ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ ഡോ. റീനയ്ക്ക് സീറ്റിലിരിക്കാനാകാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.

കോടതി വിധിയുമായി ചുമതല ഏറ്റെടുക്കുന്നതിനായി റീന ഓഫീസിൽ എത്തിയപ്പോഴാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഉലച്ച നാടകീയ സംഭവങ്ങളുടെ തുടക്കം. എന്നാൽ നിലവിൽ താല്ക്കാലിക ചുമതലയുള്ള മീനാക്ഷി ചുമതല വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല.

തുടർക്കഥയായി വാഗ്വാദം

ചുമതല കൈമാറാൻ ഉയർന്ന അധികാരികളിൽ നിന്നും തനിക്ക് ഔദ്യോഗികമായ യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ സീറ്റ് വിട്ടുതരില്ലെന്നും മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. ഇതോടെ കസേരയ്ക്ക് അവകാശവാദമുന്നയിച്ച് ഇരു ഉദ്യോഗസ്ഥരും തമ്മിൽ ഓഫീസിനുള്ളിൽ വെച്ച് കടുത്ത വാഗ്വാദമാണ് ഉണ്ടായത്.

മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ പൊതുജനങ്ങളും നോക്കിനിൽക്കെയായിരുന്നു കേരള ആരോഗ്യവകുപ്പിന്റെ തലപ്പത്ത് ഈ അസാധാരണമായ കസേരക്കളി അരങ്ങേറിയത്. ഓഫീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തങ്ങളുടെ നിലപാടുകളിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറായില്ല.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഉദ്യോഗസ്ഥർ തമ്മിൽ കസേരയെച്ചൊല്ലി ഡിഎച്ച്എസ് ഓഫീസിലുണ്ടായ പോരിന്റെയും തർക്കത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ നാണക്കേടിലാണ് ആരോഗ്യവകുപ്പ്. ഭരണസിരാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇത്തരം പരസ്യമായ അധികാര തർക്കങ്ങൾക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾക്ക് സർക്കാർ മുതിരുമെന്നാണ് സൂചന.

രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ. റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ അടിയന്തരമായി മാറ്റിയ സർക്കാർ നടപടി നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. സ്ഥലംമാറ്റത്തിനെതിരെ റീനയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നതിന് പിന്നാലെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രതികരണം ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന്റെ ഗൗരവം പൂർണ്ണമായി വ്യക്തമാക്കുന്നതായിരുന്നു. "തൊരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്നും, റീന തുരപ്പൻ പണി നടത്തിയോ എന്ന് മേൽക്കോടതിയിൽ തെളിയിച്ചോളാം" എന്നായിരുന്നു മന്ത്രിയുടെ പരസ്യമായ വെല്ലുവിളി. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ താൻ ഈ മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ആ പദവിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി. മുൻപ് ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചിരുന്നോ എന്ന് ചോദിച്ച മന്ത്രി, കോടതി ഉത്തരവ് സർക്കാരിന് ഏറ്റ തിരിച്ചടിയല്ലെന്നും ഇതിന് മുകളിൽ അപ്പീൽ നൽകാൻ മേൽക്കോടതിയുണ്ടെന്നും ഓർമ്മിപ്പിച്ചു.

Musical chair in Health Directorate
നിർബന്ധിച്ച് കടന്നുപിടിച്ചു, ഒരു കിലോമീറ്റർ വലിച്ചിഴച്ചു; അങ്കണവാടി ജീവനക്കാരി മേനകയെ കൊന്നത് തോട്ടിൽ മുക്കിയെന്ന് പ്രതി വിനോദിന്റെ മൊഴി
Musical chair in Health Directorate
ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം; 'ബ്രാന്‍ഡ് കേരളം' പ്രഖ്യാപിച്ച് ബജറ്റ്
Musical chair in Health Directorate
പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം
Summary

trivandrum-dhs-office-chair-dispute-officers-meenakshi-reena-controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com