

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 'ഇന്ത്യ' മുന്നണിക്കെതിരെയാണ് ട്വന്റി 20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ മുന്നണി' പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്.
വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് അവര്‍ ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം കടത്തിക്കൊണ്ടു പോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്.
കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ടന്നും സാബു എം ജേക്കബ് പറഞ്ഞു. ത്രിതല തെരഞ്ഞെടുപ്പില്‍ 9 ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.
പിവി ശ്രീനിജിൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും സാബു എം ജേക്കബ് ഉന്നയിച്ചു. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചിരുന്നു. സിപിഎം നേതാക്കളായ സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നും സാബു എം ജേക്കബ് ആരോപിച്ചു. ട്വന്റി 20 അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസും സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
