മലപ്പുറം: എടപ്പാളില്‍ 6 മാസം മുമ്പ് കാണാതായ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ (24) മൃതദേഹം കണ്ടെത്തി. പൂക്കരത്തറയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാലിന്യം നിറഞ്ഞ കിണറില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തെ തെരച്ചലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് വെള്ളിയാഴ്ച ചങ്ങരംകുളം പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പൂജ നടത്താനെന്ന പേരില്‍ കണ്ണും കൈകളും കെട്ടിയശേഷം തലയ്ക്കടിച്ചാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
അറസ്റ്റിലായ വട്ടംകുളം സ്വദേശികളും ഇര്‍ഷാദിന്റെ സുഹൃത്തുക്കളുമായ അധികാരിപ്പടി വീട്ടില്‍ സുഭാഷ് (35), മേനോംപറമ്പില്‍ എബിന്‍ (27) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയ ശേഷം ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് ചാക്കിലുമാക്കി പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി പൂക്കരത്തറയിലെ കിണറ്റില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് നേരത്തേ 5 ലക്ഷം രൂപ സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്‍ന്ന് വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.
വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചുചോദിക്കുമോയെന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 11ന് രാത്രി 9ന് ഇര്‍ഷാദ് ഒന്നരലക്ഷം രൂപയുമായി പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാര്‍ട്ടേഴ്സില്‍ എത്തി. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി. മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കും പുറകില്‍ അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊണ്ടു പോയത് വാടകയ്ക്ക് എടുത്ത കാറിലാണെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates