

തൃശൂര്‍: രണ്ട് കാറുകളിലായി കടത്തിക്കൊണ്ട് വന്ന 45 കിലോയോളെ കഞ്ചാവുമായി പാലക്കാട് സ്വദേശികള്‍ പിടിയില്‍. പാലക്കാട് കടലാകുറിശ്ശി സ്വദേശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് (48), പാലക്കാട് മങ്കര മണ്ണൂര്‍ സ്വദേശി പൂളക്കല്‍ വീട്ടില്‍ ദാസന്‍ എന്നു വിളിക്കുന്ന കൃഷ്ണദാസന്‍ (42 ) എന്നിവരെയാണ് പിടികൂടിയത്. ഒറീസയില്‍ നിന്നും ലോറിയില്‍ തമിഴ്‌നാട്ടിലെത്തിച്ച് അവിടെ നിന്നും കാറുകളിലേയ്ക്ക് മാറ്റിയാണ് തൃശൂരിലേയ്ക്ക് എത്തിച്ചത്. ഇതിനിടയിലാണ് ദേശീയ പാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇരുവരും കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശര്‍മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി സുമേഷ,് കെ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കെ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം തൃശൂര്‍-ചാലക്കുടി ദേശീയ പാതയില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ദേശീയപാതയില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി ഗവര്‍ണ്ണറുടെ യാത്രയോടനുബന്ധിച്ചൊരുക്കിയ കനത്ത സുരക്ഷ ഡ്യൂട്ടി അവസാനിച്ചപ്പോള്‍ ചായ കുടിക്കാനായി ചാലക്കുടി പോട്ട നാടുകുന്നിലെ ബേക്കറിയിലെത്തിയ പൊലീസ് സംഘത്തെ കണ്ട കാര്‍ യാത്രക്കാര്‍ തിടുക്കത്തില്‍ കാറുമായി പോകാന്‍ ശ്രമിച്ചത് ശ്രദ്ധിച്ച പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.
കാറിന്റെ രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയായിരുന്നു പിന്നീടുള്ള അന്വേഷണം. തുടര്‍ന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദേശീയപാതയിലും ഇടവഴികളിലും പരിശോധന നടത്തി. ടോള്‍പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകളോടൊപ്പം പാര്‍ക്ക് ചെയ്ത കാര്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരാള്‍ മാത്രമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത കാറില്‍ പാട്ട് കേട്ടിരുന്ന ഒരാള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരും ഒരുമിച്ച് വന്നവരാണെന്നും കാറില്‍ കഞ്ചാവാണെന്നും സമ്മതിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പിടിയിലായ കൃഷ്ണ പ്രസാദ് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവനും ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയുമാണ്. പതിറ്റാണ്ട് മുന്‍പ് ക്വട്ടേഷന്‍ സ്വീകരിച്ചു ഒരു യുവാവിനെ നിഷ്‌കരുണം വെട്ടിക്കൊന്ന സംഭവത്തിലും 2013ല്‍ പൊലീസ്് കസ്റ്റഡിയില്‍ ഉള്ളയാളെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പല ക്രിമിനല്‍ കേസുകളിലും കൃഷ്ണ പ്രസാദ് പങ്കാളിയാണ്. കേരളത്തിനകത്തും പുറത്തുമായി പത്തിലേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രദീപ്, ഡാന്‍സാഫ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, പി. ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ സി.കെ ലാലുപ്രസാദ്, ജില്ലാ ഇന്റലിജന്‍സ് ഓഫീസര്‍ ഒ.എച്ച് ബിജു , പുതുക്കാട് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബിജു സി.ഡി, സീനിയര്‍ സിപിഒമാരായ ആന്റു വി.എ, അജിത് കുമാര്‍ എ.എ, സുജിത് കുമാര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സന്തോഷ് യു.എന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ വിശ്വനാഥന്‍ കെ. കെ എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates