

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽ നിന്നു ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്.
ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച സൂചിക അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിൽ സൂചിക എട്ടാണ്. അതായത് അതീവ ജാഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഇന്നലെ ഏഴാണ് രേഖപ്പെടുത്തിയത്. തൃത്താലയിൽ ആറും.
സൂചിക എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11നു മുകളിലാണ് ഏറ്റവും ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പായിരിക്കും അപ്പോൾ. ആറ് മുതൽ ഏഴ് വരെ മഞ്ഞ മുന്നറിയിപ്പ്.
ഒഴിവാക്കണം യു വി
അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് ചർമത്തിൽ കാൻസർ സാധ്യത വർധിപ്പിക്കാം.
സൂര്യാഘാതം, ചർമ രോഗങ്ങൾ, നേത്ര രോഗങ്ങൾക്കു കാരണമാകും.
തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കണം.
ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ പരമാവധി ധരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates