

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം ആദ്യം വിവാദമായപ്പോള്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത് ആവര്‍ത്തിച്ചുള്ള ന്യായീകരണത്തിനൊടുവില്‍. ഭരണഘടനാ മൂല്യങ്ങള്‍ക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമായിരുന്നു സജി ചെറിയാന്‍റെ വാദം. പ്രസംഗം വളച്ചൊടിച്ചതാണെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. വിവാദ പ്രസംഗത്തില്‍ തുടക്കത്തില്‍ മടിച്ചു നിന്ന പൊലീസ്, തിരുവല്ല കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നില്ലെന്നും, വ്യക്തിപരമായ ധാര്‍മ്മികതയുടെ പുറത്തുമാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികത കൂടി ഉയര്‍ത്തിപ്പിടിച്ചാണ് രാജിവെക്കുന്നതെന്നുമാണ് സജി ചെറിയാന്‍ പ്രസ്താവിച്ചത്.
താന്‍ മതേതരവാദിയും, ജനാധിപത്യവിശ്വാസിയുമാണ്. ഭരണഘടനാ വിരുദ്ധമായി പ്രസംഗിച്ചിട്ടില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും 2022 ഡിസംബര്‍ 31 ന് സജി ചെറിയാന്‍ പറഞ്ഞു. പരാതിക്കാരന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞിട്ടുള്ളത്. ഞാനുയര്‍ത്തിയ ധാര്‍മ്മിക രാജി, അന്നുണ്ടായിരുന്ന രണ്ടു കേസുകളിലും തീരുമാനമായപ്പോള്‍ സ്വാഭാവികമായും രാജിവെച്ച സ്ഥാനത്തേക്ക് തിരികെ പ്രവേശനത്തിന് പാര്‍ട്ടി തീരുമാനമെടുത്തു. വീണ്ടും മന്ത്രിയാകുന്നതിന് യാതൊരുവിധ നിയമപരമായ തടസ്സവും നിലനില്‍ക്കുന്നില്ലെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടിരുന്നു.
നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ 2023 ജനുവരി മൂന്നിന് ആവര്‍ത്തിച്ചു. കേസുണ്ട് ,കേസുണ്ട് എന്നു പറയുന്നത് തെറ്റാണ്. എവിടെയാണ് കേസ്?. ഹൈക്കോടതിയില്‍ കേസില്ല. മജിസ്‌ട്രേറ്റ് കോടതിയിലും കേസില്ല. തനിക്കെതിരെ ഉണ്ടായിരുന്ന രണ്ടു പരാതികളും തീര്‍പ്പായതായും വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയത്. എന്നാല്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയത്. പൊലീസ് അന്വേഷണം സമഗ്രവും നിഷ്പക്ഷവുമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഡിജിപിക്ക് നിര്‍ദേശം നല്‍കി. ധൃതി പിടിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും കോടതി വിമര്‍ശിച്ചു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്ന് നേരത്തേ കോടതി അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates