

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കണ്ണൂര്‍ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യ അധ്യക്ഷനുമായ ഡോ. രാംദാസ് അത്താവലെയുടെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ പിണറായി എന്‍ഡിഎക്കൊപ്പം നില്‍ക്കണം. സിപിഎമ്മും, സിപിഐയും എൻഡിഎയുടെ ഭാഗമാകണം എന്ന് ആവശ്യപ്പെടുകയാണ്. ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അത്താവലെ പ്രതികരിച്ചു.
സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന മുദ്രവാക്യം. ലോക സാമ്പത്തിക ശക്തികളില്‍ ഇന്ന് ഭാരതം നാലാം സ്ഥാനത്തെത്തി. ഇത് നരേന്ദ്ര മോദിയുടെ വിശാലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണ്. ഭാരതത്തില്‍ സമസ്ത മേഖലയിലും നമുക്ക് വികസനം കാണാന്‍ സാധിക്കും. ദേശീയ പാതാ വികസനമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. വനിതാ സംവരണ ബില്‍ ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും വികസനം സാധ്യമായില്ല. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് കൃത്യമായി കേരളം ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലെത്തേണ്ടത് ആവശ്യമാണ്.
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടേത്. ഡോ. ബാബ സാഹേബ് അംബേദ്കറുടെ ആശയങ്ങളിലും ജീവിതത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ അധസ്ഥിതരുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫി ഇന്ത്യ അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലും സാന്നിധ്യമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷ ഡോ. നുസ്രത്ത് ജഹാന്‍, മാഷണല്‍ സെക്രട്ടറി ഡോ. രാജീവ് മേനോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates