

തൃശൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങളില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബജറ്റിനെ ആമ മുട്ട ബജറ്റ് എന്ന് പരിഹസിച്ചവര്‍ യാഥാര്‍ഥ്യം തിരിച്ചറിയാത്തവരാണെന്നാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ. അക്ബര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് മാധ്യമങ്ങളെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിയുടെ പ്രതികരണം. തൃശൂരില്‍ എടക്കഴിയൂര്‍ മത്സ്യഗ്രാമ പദ്ധതി ഘടകങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും സീഫുഡ് കഫറ്റേരിയ ഫുഡ് ട്രക്ക് വിതരണവും നിര്‍വഹിക്കുകയായിരുന്നു സുരേഷ് ഗോപി.
കടലാമകള്‍ മത്സ്യസമ്പത്തിന് അത് എത്രമാത്രം ഗുണകരമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായി അറിയാം. മത്സ്യബന്ധനം ഉള്‍പ്പെടെ തൊഴിലാക്കിയവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ആമ മുട്ട സംരക്ഷണത്തിനുള്ള പ്രഖ്യാപനം. പദ്ധതിയെ പരിഹസിച്ച് അവരുടെ ശാപം വാങ്ങരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതായി മാറിയത് ഇതുകൊണ്ടാണ്. കേരളത്തിനും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
എടക്കഴിയൂര്‍ മത്സ്യ ഗ്രാമത്തില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ അനുബന്ധ ഘടകങ്ങളായ നെറ്റ് മെന്ററിംഗ് യാര്‍ഡ്, ടോയ്ലറ്റ് ബ്ലോക്ക് ഒ.ബി.എം റിപ്പയര്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി സീഫുഡ് കഫറ്റേരിയ ഫുഡ് ട്രക്ക് വിതരണവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എന്‍.കെ അക്ബര്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായി.
രാജ്യത്തെ 3,477 മത്സ്യബന്ധന ഗ്രാമങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട റൂറല്‍ ഗ്രാമങ്ങളെയാണ് സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമങ്ങളായി നവീകരിക്കുന്നതെന്നും അതില്‍ ഒമ്പത് ഗ്രാമങ്ങള്‍ കേരളത്തിലാണെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. എടക്കഴിയൂര്‍ മത്സ്യഗ്രാമ വികസനത്തിനായി 6.91 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതില്‍ 3.47 കോടി രൂപ കേന്ദ്ര വിഹിതവും, 3.34 കോടി രൂപ സംസ്ഥാന വിഹിതവുമാണുള്ളത്. മത്സ്യഗ്രാമത്തില്‍ ഫിഷ് ലാന്റിംഗ് സെന്ററും അനുബന്ധ ഘടകങ്ങളും, റീഹാബിലിറ്റേഷന്‍ കം കമ്മ്യൂണിറ്റി സെന്റര്‍, മത്സ്യബന്ധന ഭവന പുനരുദ്ധാരണം, പുനരുദ്ധാരണം, മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി സീഫുഡ് കഫറ്റേരിയ, ഒബിഎം റിപ്പയര്‍ സെന്റര്‍, കോസ്റ്റല്‍ ബയോ ഷീല്‍ഡിംഗ്, കൃത്രിമ പാര് സ്ഥാപിക്കല്‍ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എടക്കഴിയൂരിന് പുറമെ സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എറണാകുളം ജില്ലായിലെ ചെല്ലാനം, നായരംമ്പലം, മലപ്പുറം ജില്ലയിലെ പൊന്നാനി, താനൂര്‍, കോഴിക്കോട് ജില്ലയിലെ ചാലിയം, കണ്ണൂര്‍ ജില്ലയിലെ ചാലില്‍ ഗോപല്‍പേട്ട, കാസര്‍ഗോഡ് ജില്ലയിലെ ഷിറിയ എന്നീ മത്സ്യഗ്രാമങ്ങളാണ് വികസിപ്പിക്കുന്നത്. ഇതിനായി 61.60 കോടി രൂപയുടെ അംഗീകാരം കിട്ടിയതില്‍ 31.19 കോടി രൂപ കേന്ദ്ര വിഹിതവും 29.87 കോടി സംസ്ഥാന വിഹിതവുമാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates