'പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം'; ചൈനയിലെ വൈറല്‍ പനി വ്യാപനത്തില്‍ ജാഗ്രത

സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും മന്ത്രി പററഞ്ഞു.
Unknown virus in China: Don't worry veena george says
ആരോ​ഗ്യമന്ത്രി വീണാ ജോർജ് ടിവി ദൃശ്യം
Updated on
3 min read

തിരുവനന്തപുരം: ചൈനയില്‍ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാര്‍ത്തകളില്‍ സംസ്ഥാനത്തിന് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

'ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെട ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലര്‍ത്തണം'

'ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണം. . ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്‌ലുവന്‍സ എ വൈറസ്ബാധകള്‍ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം. മേല്‍പ്പറഞ്ഞ മൂന്നുതരം വൈറസുകളില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ല എങ്കില്‍ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവില്‍ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാല്‍ പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ല.'

'നേരത്തെ പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന വൈറസുകളില്‍ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തരത്തില്‍ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കില്‍, അതിന് കാരണങ്ങളില്‍ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങള്‍ ആണെങ്കില്‍ നാം കരുതിയിരിക്കണം. എങ്കിലും നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകള്‍ക്കും കോവിഡ് രോഗത്തിനെതിരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ആളുകള്‍ക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാന്‍ സാധ്യത കുറവാണ്. പക്ഷെ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാല്‍ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാം കരുതിയിരിക്കണം. ഇനിയും പൂര്‍ണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങള്‍ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങള്‍ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാന്‍ നാം തയ്യാറായിരിക്കണം.'

'മേല്‍പ്പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ മൂന്നാമത്തെത് ഇന്‍ഫ്‌ലുവന്‍സ എ എന്ന വിഭാഗത്തില്‍പ്പെടുന്ന, പ്രാഥമികമായി ജന്തുക്കളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് കടന്നെത്തുന്ന ഇന്‍ഫ്‌ലുവന്‍സ വിഭാഗത്തില്‍ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാന്‍ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇന്‍ഫ്‌ലുവന്‍സ. മാത്രമല്ല, വിവിധങ്ങളായ വൈറസ് ബാധകളില്‍ മഹാമാരികളാകാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നതും ഇന്‍ഫ്‌ലുന്‍സ വിഭാഗത്തില്‍പ്പെട്ട പനികള്‍ക്കാണ്. ചൈനയില്‍ ഇപ്പോള്‍ പൊട്ടപ്പുറപ്പെട്ടിരിക്കുന്ന രോഗാണുബാധയില്‍ ഇന്‍ഫ്‌ലുവന്‍സ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കില്‍ അത് ഏതുതരം ഇന്‍ഫ്‌ലുവന്‍സ ആണ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഒ1ച1 പോലെ നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഫ്‌ലുന്‍സ വൈറസില്‍ അപകട സ്വഭാവമുള്ള പുത്തന്‍ ജനിതക വ്യതിയാനങ്ങളോ പുത്തന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് തന്നെയോ കടന്നുവന്നതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. എങ്കിലും ഇന്‍ഫ്‌ലുവന്‍സാ രോഗങ്ങളുടെ നിരീക്ഷണ സംവിധാനവും നാം ശാക്തീകരിക്കുകയാണ്. ഇന്‍ഫ്‌ലുന്‍സ രോഗവ്യാപനത്തെപ്പറ്റിയുള്ള നമ്മുടെ പ്രധാന ഉത്കണ്ഠ, അത് ഗര്‍ഭിണികള്‍ക്ക് അപൂര്‍വ്വമായെങ്കിലും അപകടം വരുത്താം എന്നതാണ്. അതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മാസ്‌കുകള്‍ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം.'

'ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടത്തുണ്ട്. ചൈനയിലുണ്ടാകുന്ന രോഗാണു ബാധകളെ ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൊണ്ടും അതിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഉള്ളതുകൊണ്ടും വാര്‍ത്തകള്‍ പര്‍വതീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. 2000 ആണ്ടില്‍ ഉണ്ടായ സാര്‍സിന് ശേഷവും 2019ല്‍ ഉണ്ടായ കോവിഡ് 19 മഹാമാരിക്ക് ശേഷവും ചൈനയുടെ രോഗനിരീക്ഷണ സംവിധാനം വളരെ ശക്തമായി എന്നതിനാല്‍ സത്യത്തില്‍ ഉണ്ടാകുന്ന അണുബാധകളുടെ സിംഹഭാഗവും ചൈന കണ്ടെത്തുന്നു എന്നതാണ് എന്നുള്ളതാണ് രണ്ടാമത്തെ വസ്തുത. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ കാലം ലോക്ക്ഡൗണ്‍ അനുഭവിച്ച ഒരു രാജ്യമാണ് ചൈന എന്നതുകൊണ്ട് തന്നെ ഇപ്പോഴും കോവിഡ് 19 സമൂഹത്തില്‍ പൂര്‍ണ്ണമായും വ്യാപിച്ചിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തല്‍. നീണ്ടുനില്‍ക്കുന്ന ലോക്ഡോണുകള്‍ കോവിഡിന്റെ മാത്രമല്ല, ഇന്‍ഫ്‌ലുന്‍സ, ഒങജഢ എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെയും വ്യാപനം താല്‍ക്കാലികമായി കുറയ്ക്കുകയും ലോക്ക് ഡൌണ്‍ പിന്‍വലിക്കുമ്പോള്‍ പ്രസ്തുത അണുബാധകള്‍ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബാധിച്ചു കൊണ്ടിരിക്കുന്ന വൈറസ് അണുബാധകള്‍ ചൈനക്ക് പുറത്ത് വളരെയധികം ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല എന്നും ഒരു വിലയിരുത്തലുണ്ട്. എങ്കിലും നാം ജാഗ്രത കൈവെടിയാന്‍ പാടില്ല.'

'ഹ്യൂമന്‍ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും.' ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com