

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. വിദേശത്തും സ്വദേശത്തും നിന്നു വരുന്ന ഭക്തന്മാരെ ഇദ്ദേഹം പല തരത്തില്‍ ചൂഷണം ചെയ്തിരുന്നുവെന്നാണ് സൂചനകള്‍. സമഗ്ര അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വെളിയില്‍ വരും. വെളിയില്‍ വരണം. യഥാര്‍ത്ഥത്തില്‍ അയാള്‍ സ്‌പോണ്‍സറായി വരുമ്പോള്‍, പണം അയാളുടേതല്ലെന്നും മറ്റു തരത്തില്‍ പലരില്‍ നിന്നായി സമാഹരിച്ചതാണെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സ് അന്വേഷിച്ചു വരികയാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
എല്ലാക്കാര്യങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ ഇടപെടലുകള്‍ നടത്തിയെന്നാണ് ഇപ്പോള്‍ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാത്തിനേയും പറ്റി സമഗ്രമായ അന്വേഷണം നടക്കട്ടെ. 40 ദിവസക്കാലത്തോളം സ്വര്‍ണം പൂശാനെന്ന പേരില്‍ വെളിയില്‍ കൊണ്ടുപോയി താമസിപ്പിച്ചതും, അതിന്റെ പിന്നില്‍ പതിയിരുന്ന ആസൂത്രിതമായ ദുരുദ്ദേശത്തോടെയുള്ള നീക്കവും, ഇതെല്ലാം സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്തു നിന്നുള്ള ഗൂഡ നീക്കങ്ങളുമെല്ലാം വെളിയില്‍ വരാന്‍ സഹായകമാണ് കോടതി നിര്‍ദേശിച്ച അന്വേഷണം. ദേവസ്വം വിജിലന്‍സാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ശബരിമല ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം കാണാനില്ലെന്ന് പറഞ്ഞയാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നും ഇതു കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വലിയ ഗുഢാലോചന നടന്നുവെന്ന് സൂചിപ്പിച്ചത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് വെളിയില്‍ വന്നിരിക്കുന്നത്.
1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമഗ്രമായ അന്വേഷണം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. ആഗോള അയ്യപ്പസംഗമം നടക്കാന്‍ അഞ്ചു ദിവസം മാത്രമുള്ളപ്പോഴാണ് ആദ്യമായി വാര്‍ത്ത പുറത്തു വരുന്നത്. ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നതും, അത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുന്നതുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.
ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നടപടികളെല്ലാം പ്രോപ്പറാണെന്ന് കോടതി പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. വിശദമായി പരിശോധിച്ചും, വിഡിയോ ചിത്രീകരിച്ചുമാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിക്കായി അയച്ചത്. 1999 മുതലുള്ള ഓരോ രേഖകളും പരിശോധിച്ച് അളന്നു തിട്ടപ്പെടുത്താനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിജയ് മല്യ സ്വര്‍ണം പൂശിയത് അടക്കം എല്ലാ കാര്യങ്ങളും അന്വേഷണത്തില്‍ വെളിയില്‍ വരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാറും അനന്തഗോപനും തമ്മിലുള്ള ആരോപണങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും, അതേക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates