

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ ചര്‍ച്ച നടക്കുക. സാങ്കേതികമായ കാര്യം പാര്‍ലമെന്ററികാര്യമന്ത്രി എംബി രാജേഷ് ഉയര്‍ത്തി. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്നാണ് മന്ത്രി രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനം മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
വയനാട് പുനരധിവാസം വേഗത്തിലാക്കണം, കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിലെ ടി സിദ്ദിഖ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അഭിപ്രായങ്ങള്‍ സഭയില്‍ ഉയര്‍ന്നു വരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഭരണ പക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളില്‍ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഗൗരവത്തില്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്മേല്‍ കൂടുതല്‍ കാര്യം നാട് അറിയുന്നത് നല്ല കാര്യമാണ്. കേന്ദ്രസഹായം ലഭ്യമാക്കുന്നതില്‍ കേരളസര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ സംബന്ധിച്ച് കഴിഞ്ഞതിനു മുമ്പത്തെ മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏതായാലും, സംസ്ഥാനത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാന്‍ കഴിയും എന്നത് ഒരു പോസിറ്റീവായ സംഗതിയാണ്. അതിനൊരവസരമായി ഈ ചര്‍ച്ചയെ കാണുകയാണ്. അതുകൊണ്ട് വിഷയം വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
