

കൊച്ചി: വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കത്രിക കൈമാറി.
വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരുടെ ശസ്ത്രക്രിയയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. കത്രിക തൊണ്ടിമുതലായതിനാല്‍ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആര്‍ട്ടെറി ഫോര്‍സെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.
ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷം തികയുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റില്‍ കത്രിക കണ്ടെത്തിയത്. 2021 മേയ് 10 നായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് നിരന്തരമായ വയറുവേദന അനുഭവപ്പെട്ടു. മൂത്രത്തില്‍ രക്തം കൂടി കണ്ടതോടെ വിശദമായ പരിശോധന നടത്തി. എന്നിട്ടും കാരണം കണ്ടെത്തിയില്ല.
ഒടുവില്‍, ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി മനസ്സിലായത്. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദയുടെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ് 2021-ല്‍ ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. സീനിയര്‍ റസിഡന്റും പി ജി ഡോക്ടറും അനസ്‌തേഷ്യ വിഭാഗത്തിലെ മൂന്നു ഡോക്ടര്‍മാരും മൂന്നുനഴ്സുമാരും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും മുഴുവന്‍ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയെന്നാണ് ചികിത്സാരേഖകളിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates