

മലപ്പുറം: ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ( V D Satheesan ). മുമ്പ് സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര പാര്‍ട്ടിയായിരുന്നു. യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായി എന്നതാണ് സിപിഎം നിലപാട്. പിണറായി വിജയന്‍ മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.
'സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂര്‍വബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാ അത്തെ ഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിക്കും'. വി ഡി സതീശന്‍ പറഞ്ഞു.
മുമ്പ് അബ്ദുള്‍ നാസര്‍ മഅദനിയെ വര്‍ഗീയവാദി എന്നു വിളിച്ചവര്‍ക്ക് പിഡിപി പിന്തുണയില്‍ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ മദനിയെ പിടിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി എന്ന് പിആര്‍ഡിയുടെ രേഖയിലിട്ട സര്‍ക്കാരാണ് ഇടതു സര്‍ക്കാര്‍. ഇപ്പോള്‍ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു വിഷമവുമില്ല. എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവും എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ നല്ലത്. ഇതെന്തു നിലപാടാണ്?. സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിന്റെ കാപട്യം കൂടുതല്‍ പറയിക്കരുത്. എല്‍ഡിഎഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവര്‍ സ്വീകരിക്കുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
വര്‍ഗീയ വിരുദ്ധത പറയുന്ന സിപിഎം ബിജെപിയുമായി പരസ്യമായ ബാന്ധവത്തിലാണ്. ബിജെപി നിലമ്പൂരില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ഒടുവില്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ തീരെ അപ്രസക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി നിര്‍ത്തി. ഇവിടെ സിപിഎം- ബിജെപി രഹസ്യമായ ബാന്ധവമാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയുടെ സാന്നിധ്യം പോലും കാണാനില്ല. ഇവിടെ യുഡിഎഫും എല്‍ഡിഎഫും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊളിറ്റിക്കലായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് നേരിടുന്നത്. ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാണ് യുഡിഎഫ് വോട്ടു തേടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates